കന്യാകുളങ്ങര മാർക്കറ്റ് മാലിന്യ നിക്ഷേപ കേന്ദ്രം
കച്ചവടം റോഡിലേക്ക് മാറി
വെമ്പായം: കന്യാകുളങ്ങരയിലെ പബ്ലിക് മാർക്കറ്റ് കണ്ടാൽ,മാലിന്യ നിക്ഷേപ കേന്ദ്രമാണെന്നേ തോന്നൂ. പ്രദേശത്തെ പ്രധാന വിപണന കേന്ദ്രമാണ് കന്യാകുളങ്ങര മാർക്കറ്റ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാതായിട്ട് കാലങ്ങളായി.ഒരു കാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ഇപ്പോൾ മാലിന്യകൂമ്പാരമാണ്.
ഒരേക്കറോളം വരുന്ന മാർക്കറ്റിൽ മത്സ്യമാർക്കറ്റും പച്ചക്കറി മാർക്കറ്റും വെവേറെയാണ്. ഇപ്പോൾ പച്ചക്കറികച്ചവടം മാത്രമാണ് മാർക്കറ്റിൽ നടക്കുന്നത്. മീൻ,മരച്ചീനി തുടങ്ങിയ കച്ചവടക്കാരാണ് റോഡിലേക്ക് മാറിയത്.മത്സ്യ മാർക്കറ്റിനുള്ളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാലാണ് മാർക്കറ്റിനുള്ളിൽ കച്ചവടം നടത്താത്തതെന്നാണ് കച്ചവടക്കാർ പറയുന്നത്.
മാർക്കറ്റിനുള്ളിലെ ടൊയ്‌ലെറ്റും പൊതുകിണറും കാടുകയറി കിടക്കുകയാണ്.റോഡിനോട് ചേർന്ന് വറ്റാത്തൊരു പഞ്ചായത്ത് കിണർ ഉണ്ടായിരുന്നു. പ്രദേശത്തുള്ളവർ ഈ കിണറിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്.മാർക്കറ്റിനകം കാടുകയറിയതോടെ മൂടിയില്ലാത്ത പഞ്ചായത്ത് കിണറും കാടിനുള്ളിലായി. ഇഴജന്തുക്കളുടെ താവളമാണ് പ്രദേശം.എത്രയും വേഗം മാർക്കറ്റ് പരിസരം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.
മാലിന്യം നിറഞ്ഞതോടെ കച്ചവടക്കാർ മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാതെയായി.പ്രധാന കച്ചവടങ്ങളെല്ലാം ഇപ്പോൾ മാർക്കറ്റിനോട് ചേർന്ന്,എം.സി റോഡിന്റെ പാതയോരത്താണ് നടക്കുന്നത്.
നടക്കാൻ പോലും സ്ഥലമില്ലാത്ത പാതയോരത്ത് കച്ചവടം കൂടിയായതോടെ കാൽനടയാത്രക്കാർ ബുദ്ധിമുട്ടിലായി.മാർക്കറ്റ് സമയങ്ങളിൽ ഏറെ പാടുപെട്ടാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.
കന്യാകുളങ്ങര ഗേൾസ്,ബോയ്സ് സ്കൂളുകളിലെയും നെടുവേലി സ്കൂളിലെയും കുട്ടികൾ ഇതുവഴിയാണ് പോകുന്നത്.സമീപത്തായാണ് കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രവും. റോഡ് വക്കിലെ കച്ചവടം കാരണം വിദ്യാർത്ഥികൾ റോഡിലേക്ക് കയറി നടക്കും.ഇത് അപകടങ്ങൾക്കും കാരണമാകുന്നു.
പ്രദേശത്തെ കടകളിൽ നിന്നുള്ള അറവ് മാലിന്യങ്ങൾ ഉൾപ്പെടെ മാർക്കറ്റിൽ തള്ളുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു