പ്രതീക്ഷ റാപ്പിഡിൽ

Monday 22 December 2025 8:01 PM IST

മലയാളികൾക്ക് അതിവേഗ റെയിൽ യാത്രയ്ക്ക് ഇനി പ്രതീക്ഷ റാപ്പിഡ് റെയിലിലാണ്. ഡൽഹിയെ സമീപ സംസ്ഥാനങ്ങളിലെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർ.ആർ.ടി.എസ്) സമാനമായി 250കിലോമീറ്റർ വരെ വേഗത്തിലോടിക്കാവുന്ന, നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മെട്രോയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. സിൽവർലൈനിന് അനുമതി ലഭിക്കാനിടയില്ലെന്ന സ്ഥിതിയായതോടെ ഇത്തരമൊരു പദ്ധതി കേന്ദ്രാനുമതിക്കായി സമർപ്പിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. എന്നാൽ ഇതിനുള്ള വിശദമായ പദ്ധതിരേഖ (‌ഡി.പി.ആർ) ഇതുവരെ തയ്യാറാക്കിയിട്ടില്ല. തിരുവനന്തപുരം മുതൽ തൃശൂർ വരെയും അവിടെനിന്ന് കാസർകോട്ട് വരെയും രണ്ട് ഘട്ടമായി നിർമ്മിക്കാമെന്നാണ് വിലയിരുത്തൽ.

‌വന്ദേഭാരത് വന്നതോടെ അതിവേഗയാത്രയ്ക്ക് പ്രിയമേറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 250കി.മി വേഗത്തിൽ വരെ ഓടിക്കാനാവുന്ന അതിവേഗ മെട്രോയ്ക്കുള്ള ശ്രമം. സിൽവർലൈനിന് റെയിൽവേയുടെ അനുമതി ലഭിക്കില്ലെന്നുറപ്പായതോടെയാണ്, കേന്ദ്രനഗരവികസന മന്ത്രാലയം അനുമതി നൽകേണ്ട അതിവേഗമെട്രോയ്ക്ക് അനുമതി നേടിയെടുക്കാനുള്ള നീക്കം. ഇതിന് റെയിൽവേയുടെ അനുമതിവേണ്ട. പദ്ധതിക്ക് കേരളം അപേക്ഷിച്ചാൽ സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് കൊച്ചിമെട്രോറെയിൽ പോലൊരു കമ്പനിയുണ്ടാക്കിയാൽ പദ്ധതി നടപ്പാക്കാനാവും.

ഭൂനിരപ്പിലും പാലങ്ങൾക്ക് മുകളിലും (എലിവേറ്റഡ്) ടണലുകളിലും മെട്രോയുടേത് പോലെയുള്ള പാളങ്ങളിലൂടെയോടുന്നതാണ് റാപ്പിഡ് റെയിൽ. പദ്ധതിക്ക് അനുമതിനൽകേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയിൽവേയുടെ സാങ്കേതികാനുമതിയടക്കം വേണ്ടിവരും. സിൽവർലൈനിന്റെ തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള അലൈൻമെന്റ് റെയിൽവേ ഭൂമിയൊഴിവാക്കിയാണ്. ഭൂമിയേറ്റെടുക്കാൻ എതിർപ്പുള്ളിടത്തും വെള്ളക്കെട്ടുള്ളിടത്തും എലിവേറ്റഡ് പാതയാക്കി റാപ്പിഡ് റെയിലുണ്ടാക്കാനാണ് ശ്രമം. സിൽവർലൈനിന്റെ പദ്ധതിരേഖ പരിഷ്കരിച്ച് റാപ്പിഡ് റെയിലിന്റേതാക്കി കേന്ദ്രത്തിന് നൽകാനാണ് നീക്കം. ഡൽഹിയിൽ ദേശീയപാതയ്ക്ക് മുകളിലൂടെ റാപ്പിഡുണ്ടെങ്കിലും വളവുകളുള്ളതിനാൽ കേരളത്തിലെ ദേശീയപാതയിൽ ഇത് സാദ്ധ്യമാവില്ല.

ഡൽഹിയെ സമീപനഗരങ്ങളായ മീററ്റ്(യു.പി), ആൽവാർ(രാജസ്ഥാൻ), ജലന്ധർ(പഞ്ചാബ്) എന്നിവയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളാണ് നിലവിലുള്ളത്. മീററ്റിലേക്കുള്ള പാത പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം ഉടൻ തുടങ്ങും. അതേസമയം, ഡൽഹിക്ക് പുറത്തേക്ക് റാപ്പിഡ് അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നതാണ് വെല്ലുവിളി. 250കി.മി വേഗത്തിൽവരെ റാപ്പിഡ് റെയിലിന് സാങ്കേതികവിദ്യയുണ്ട്. കേന്ദ്രാനുമതിയായ ഡൽഹി-ജലന്ധർ പാതയ്ക്ക് 220കി.മിയാണ് വേഗം. ഇതിൽ 15കി.മി ഇടവിട്ട് സ്റ്റേഷനുകളുണ്ട്. സ്റ്റേഷനുകൾ 30കി.മി ഇടവിട്ടാക്കിയാൽ ദൂരം കൂട്ടാം. ഒരു കിലോമീറ്ററിന് 360കോടിയാണ് നിർമ്മാണചെലവ്. എലിവേറ്റഡ്, ടണൽ അടക്കമുള്ള പാതയ്ക്കാണിത്.

സിൽവറിൽ പ്രതീക്ഷ വേണ്ട

സിൽവർലൈനിൽ ഇനിപ്രതീക്ഷവച്ചിട്ട് കാര്യമില്ലെന്നും വേറെ വഴിനോക്കേണ്ടി വരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭൂമിയേറ്റെടുപ്പിലെ എതിർപ്പ് കുറയ്ക്കാൻ സിൽവർലൈൻപാത തൂണുകൾക്ക് മുകളിലൂടെയാക്കാമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും കേന്ദ്രനിലപാട് അനുകൂലമല്ല. നിലവിലെ ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മീ വേഗമുള്ള ഇരട്ടപ്പാത നിർമ്മിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിനുള്ള സർവേ പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കുകയാണിപ്പോൾ. നിലവിലെ റെയിൽപ്പാതയുമായി സംയോജിപ്പിക്കാത്ത സിൽവർലൈനിനെ റെയിൽവേ അതിശക്തമായി എതിർത്തതാണ് വിനയായത്. മെട്രോമാൻ ഇ.ശ്രീധരനെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസിനെയും ഇടപെടുത്തി കേന്ദ്രാനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.

വികസനത്തിനും വേഗപ്പാത

കേരളത്തിന്റെ വികസനത്തിന് വേഗറെയിൽ ആവശ്യമാണെന്നാണ് സർക്കാർ നിലപാട്. ഒരു വേഗപ്പാത 9ലൈൻ ഹൈവേയ്ക്ക് തുല്യമായതിനാൽ കേരളത്തിന് അനിവാര്യമാണ്. റെയിൽവേ പറയുംപോലെ 160കി.മീ വേഗമുള്ള ഇരട്ടപ്പാത വന്നാലും യാത്രാദുരിതം തീരില്ല. ഇതിലൂടെ ഗുഡ്‌സ് ട്രെയിനുകളോടിച്ചാൽ അതിവേഗയാത്ര സാദ്ധ്യമാവില്ല. ഭാവിയിൽ 250കി.മി വേഗത്തിലോടിക്കാനാവുന്ന പ്രത്യേക പാതയാണ് വേണ്ടതെന്നും ലോകമെങ്ങും 350കി.മി വരെ വേഗതയുള്ള ഹൈസ്പീഡ് പാത സ്റ്റാൻഡേർഡ്ഗേജിലാണെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ നിലവിലെ പാതയ്ക്ക് സമാന്തരമായുണ്ടാക്കുന്ന ഇരട്ടപ്പാതയെ സിൽവർലൈനെന്ന് വിളിക്കാമെന്നും ഇതിൽനിന്ന് 50കി.മി ഇടവിട്ട് നിലവിലെ റെയിൽപാതയിൽ കണക്ഷൻ വേണമെന്നുമാണ് റെയിൽവേയുടെ നിലപാട്. സിൽവർലൈനിനെക്കുറിച്ച് നിലവിൽ കേന്ദ്രവും സംസ്ഥാനവുമായി ആശയവിനിമയമൊന്നുമില്ല. പാരിസ്ഥിതിക ആഘാതം, ഭൂമിയേറ്റെടുക്കൽ കുറഞ്ഞതും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയുള്ളതുമായ ഇ.ശ്രീധരന്റെ ബദൽ പദ്ധതിയും കേന്ദ്രം പരിഗണിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖത്തേക്ക് കണക്ഷനുണ്ടെങ്കിൽ കണ്ടെയ്നർ നീക്കവും സുഗമമാവും.15വർഷത്തിനകം 25000കി.മി വേഗപ്പാതകളാണ് കേന്ദ്രലക്ഷ്യം. ഒരുകിലോമീറ്റർ വേഗപ്പാതയ്ക്ക് ചെലവ് 120കോടിയാണ്.

ഉപേക്ഷിക്കില്ല, കേസുകൾ തള്ളുകയുമില്ല

ബദൽപദ്ധതിക്ക് ശ്രമിക്കുമ്പോഴും സിൽവർലൈൻ ഉപേക്ഷിച്ചതായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കാനുള്ള കല്ലിടൽ തടഞ്ഞതിനുള്ള കേസുകളും പിൻവലിച്ചിട്ടില്ല. 190കി.മി ദൂരത്തിൽ 6300കല്ലുകൾ സ്ഥാപിച്ചപ്പോൾ 60കേസുകളിലായി അറുനൂറിലേറെപ്പേരെ പ്രതിയാക്കി. സ്ത്രീകളെപ്പോലും അറസ്റ്റ് ചെയ്തിരുന്നു. ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചെങ്കിൽ കേസുകൾ എഴുതിത്തള്ളാമായിരുന്നു. കേസുകൾ പിൻവലിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ വഴങ്ങിയിട്ടില്ല. 100കോടിയോളം രൂപ സിൽവർലൈനിന് ഇതുവരെ ചെലവിട്ടു.

അനുമതി എളുപ്പം, പണവും കിട്ടും

റാപ്പിഡ്റെയിലിന് കേന്ദ്രാനുമതി എളുപ്പത്തിൽ കിട്ടുമെന്നതും ചെലവിന്റെ 20%കേന്ദ്രംനൽകുമെന്നതും ഗുണകരമാണ്.

അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പലിശരഹിതവും 50വർഷ കാലാവധിയുള്ളതുമായ കേന്ദ്രവായ്പയും റാപ്പിഡിന് കിട്ടും.

സിൽവർലൈനിന്റേതുപോലുള്ള സാങ്കേതികവിദ്യയും കോച്ചുകളും ഇലക്ട്രിക്കൽ-സിഗ്നൽ സംവിധാനവും ട്രാക്കുമാണ് റാപ്പിഡിനും.

തലസ്ഥാനത്തെ സമീപനഗരങ്ങളുമായി ബന്ധിപ്പിക്കാനുള്ളതാണ് റാപ്പിഡെങ്കിലും ഏറ്റവുമധികം നഗരവത്കരണമുള്ളത് കേരളത്തിലാണെന്നത് ഗുണമാവും.