ലഹരിക്കടത്ത് തടയാൻ കടലിൽ പരിശോധന

Tuesday 23 December 2025 4:21 AM IST

ചിറയിൻകീഴ്: കടൽ വഴിയുള്ള ലഹരിക്കടത്ത് തടയാനായി,മുതലപ്പൊഴിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.വർക്കല - കഴക്കൂട്ടം എക്സൈസ് സർക്കിൾ,അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.എക്സൈസ് ഇൻസ്പെക്ടർ ഷാജി.കെ,കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ഇ.ഗോപകുമാർ, പ്രിവന്റിംഗ് ഓഫീസർ മായനന്ദ്,അഭിറാം,ദേവി പ്രസാദ്,അരുൺ,ശ്രീജിത്,രഹ്ന,ജേക്കബ്,ജയ്സൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും മയക്കുമരുന്നും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധന.ഗോവ,മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് കടൽ മാർഗം സാധാരണ ലഹരി വസ്തുക്കൾ എത്താറുണ്ട്.പുത്തൻതോപ്പ് മുതൽ അഞ്ചുതെങ്ങ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും കടലിൽ പോയ ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്.കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ കണ്ട മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും പരിശോധിച്ചു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംയുക്ത പട്രോളിംഗ് സംഘം അറിയിച്ചു.