നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് യുഡിഎഫ്, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം നൽകിയ ആത്മവിശ്വാസവുമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് കോൺഗ്രസും യു.ഡി.എഫും. ജനുവരിയിൽ മിഷൻ 2026ന് യു,ഡി.എഫ് രൂപം നൽകും. സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരിയിൽ പ്രകടന പത്രിക പുറത്തിറക്കാനാണ് പദ്ധതി. സീറ്റ് വിഭജനം ജനുവരി 15നകം പൂർത്തിയാക്കാനാണ് മുന്നണിയിലെ ധാരണ ഘടകകക്ഷികളുടെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഓരോ ജില്ലകളിലേക്കും ഇറങ്ങിയുള്ള പ്രവർത്തനത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. തദ്ദേശ ജയം വിലയിരുത്തി തോൽവിയുണ്ടായ സ്ഥലങ്ങളിൽ അത് പരിശോധിച്ച് തുടർ നടപടി ചർച്ച ചെയ്യാനാണ് തീരുമാനം. നേതാക്കൾ നൽകുന്ന റി പ്പോർട്ട് ജനുവരിയിൽ ബത്തേരിയിലെ ക്യാമ്പ് ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രശ്നങ്ങളുണ്ടെങ്കിൽ അതിവേഗം തീർത്ത് ഒറ്റക്കെട്ടായി പോകാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാണെന്ന കാര്യത്തിൽ കോൺഗ്രസിൽ ധാരണയായിട്ടില്ല. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥയുടെ ക്യാപ്ടൻ വി.ഡി. സതീശൻ ആയിരിക്കും എന്നാണ് വിവരം.
അതേസമയം മുൻ എം.എൽ.എ പി.വി. അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസും സി.കെ. ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും യു.ഡി.എഫിൽ ചേരും. ഇരു കക്ഷികളെയും യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചതായി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനം. ഇരുപാർട്ടികളും യുഡിഎഫിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും രേഖാമൂലമുള്ള അഭ്യർത്ഥനയിൽ ചർച്ച നടന്നതിനുശേഷമാണ് പാർട്ടി തീരുമാനമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.