വീരമലകുന്ന് വീണ്ടും തുരക്കുന്നു മണ്ണിടിച്ചിലിന് വൻസാദ്ധ്യത
കാസർകോട്: ദേശീയപാത 66 ന്റെ ആറുവരിപ്പാത വികസനത്തിനായി ഇടിച്ച വീരമലയിൽ നാലാമതും മണ്ണിടിച്ചിലിന് കളമൊരുങ്ങുന്നു.ദേശീയപാതയിലെ ഓവർ ബ്രിഡ്ജുകളുടെ അപ്രോച്ച് റോഡിൽ നിറക്കുന്നതിനാണ് വീണ്ടും മണ്ണെടുത്ത് തുടങ്ങിയത്. കുന്നിന്റെ പടിഞ്ഞാറുഭാഗത്തായി നിർമ്മിച്ച സംരക്ഷണഭിത്തികളുടെ ഇടയിൽ നിന്നാണ് മണ്ണെടുക്കുന്നത്.
മണ്ണിടിച്ചിലിൽ നിന്ന് നീലേശ്വരത്തെ അദ്ധ്യാപികയും കാറും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട സ്ഥലത്ത് നിന്നാണ് ഇപ്പോഴത്തെ മണ്ണെടുപ്പ്. ഇവിടെ കുന്നിന്റെ മുകളിൽ നിന്ന് പടുക്കൂറ്റൻ പാറകൾ മണ്ണിനൊപ്പം താഴേക്ക് വീണിട്ടുണ്ട്. സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ ഭാഗത്തെ കുന്ന് നീക്കം ചെയ്യുന്നതെന്നാണ് നിർമ്മാണ കമ്പനിയുടെ വിശദീകരണം. എന്നാൽ ഈ ഭാഗം ഏത് സമയത്തും റോഡിലേക്ക് പതിക്കുന്ന നിലയിലാണുള്ളത്. കഴിഞ്ഞ ജൂലായ് 23 ന് രാവിലെ പത്ത് മണിയോടെയാണ് വീരമല ശ്മശാനത്തിനും കണ്ണൂർ ഭാഗത്തേക്കുള്ള വളവിനും ഇടയിലുള്ള ഭാഗം ഇടിഞ്ഞത്. ദേശീയപാത വീതി കൂട്ടൽ തുടങ്ങിയത് മുതൽ ഇവിടെ മണ്ണിടിച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിൽ തടയാൻ ജിയോ ടെക്സ്റ്റെെലിംഗ് പോലുള്ള സുസ്ഥിരമായ വഴികൾ പരിഹാരമായി ആലോചിക്കുമെന്നും മലയിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചതിന് ശേഷം മാത്രമേ റോഡ് നിർമ്മാണം തുടരുകയുള്ളുവെന്ന് അപകടസ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ ഉറപ്പ് നൽകിയിരുന്നതാണ്. പിന്നാലെ റവന്യു അധികൃതർ വീരമലകുന്നിലെ മണ്ണ് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. മണ്ണ് പരിശോധന നടക്കുന്നതിനിടയിൽ തന്നെ മറുഭാഗത്ത് ഇടിഞ്ഞ മണ്ണ് മുഴുവൻ കരാർ കമ്പനി കടത്തിക്കൊണ്ടുപോയി. വീരമല കുന്നിനെ തട്ട് തിരിച്ചു സംരക്ഷിക്കാനുള്ള പ്രവൃത്തിയും ഇതുവരെ തുടങ്ങിയിട്ടില്ല.സമാനമായ ഭീഷണി നേരിടുന്ന മട്ടലായി കുന്നിന്റെ സംരക്ഷണ പ്രവൃത്തിയും പാതിവഴിയിലാണ്.
സുരക്ഷാനടപടി കൈക്കൊള്ളാതെ കരാർ കമ്പനി
ചെങ്കള(കാസർകോട്) മുതൽ തളിപ്പറമ്പ് (കണ്ണൂർ) വരെയുള്ള ഭാഗത്ത് ദേശീയപാത നിർമ്മാണ കരാർ ഹെെദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ്. വീരമലയിൽ നിന്നും മണ്ണിടിഞ്ഞതിനെ തുടർന്ന് മെെനിംഗ് ആൻഡ് ജിയോളജി ഡിപ്പാർട്ട്മെന്റ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു. ദുരന്തം ആവർത്തിച്ചിട്ടും മണ്ണിടിച്ചിൽ തടയാനുള്ള നടപടികളൊന്നും കമ്പനി കെെക്കൊണ്ടിട്ടില്ല.വീരമലയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്നുമാണ് സ്ഥലത്തെത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഈ വർഷം തീവ്രമഴയാണ് പ്രദേശത്തുണ്ടായത്. അപ്രതീക്ഷിതമായ അപകടമാണുണ്ടായതെന്നായിരുന്നു ഇവരുടെ വിശദീകരണം.
അപൂർവ ഭൂഘടന
മണ്ണെടുത്തതോടുകൂടി വീരമലയ്ക്കുള്ളിലെ വിവിധ നിറങ്ങളിലുള്ള പാളികൾ വെളിപ്പെട്ടിരുന്നു.സാൻഡ് സ്റ്റോൺ, റെഡ് ടെറി സാൻഡ് സ്‌റ്റോൺ, ലൈംസ്‌റ്റോൺ, ഷെയ്ൽ എന്ന കല്ല്, കാൽസേറിയസ് ഷെയ്ൽ, കാർബോണേഷ്യസ് ഷെയ്ൽ എന്നീ ഷെയ്ൽ കല്ലിനങ്ങൾ, പീറ്റ് എന്നിവയാണിത്.