വിവാഹവാഗ്ദാനം നൽകി പീഡനം: ബാങ്ക് ഉദ്യോഗസ്ഥനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
നെടുമ്പാശേരി: കൊൽക്കത്ത സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം മുങ്ങിയ കാശ്മീർ സ്വദേശിക്കായി നെടുമ്പാശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് നടപടി തുടങ്ങി.
പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി ജോലിയിൽനിന്ന് വിട്ടുനിൽക്കുകയാണ്.
കർണാടകയിൽ ജോലിചെയ്യുകയായിരുന്ന 23 കാരി ഡേറ്റിംഗ് ആപ്പ് വഴിയാണ് കാശ്മീർ സ്വദേശിയുമായി പരിചയപ്പെടുന്നത്. ജോലിയുപേക്ഷിച്ച് തന്റെകൂടെ ലിവിംഗ് ടുഗെതറായി ജീവിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ദേശത്തെ ഒരുഫ്ളാറ്റിൽ ദിവസങ്ങളോളം താമസിപ്പിച്ചു. കൂടാതെ ആലുവയിലെയും കൊല്ലത്തെയും ഹോട്ടലുകളിലെത്തിച്ച് മദ്യംനൽകി പീഡിപ്പിച്ചു.
വീട്ടുകാർ വിവാഹത്തെ എതിർത്തതിനാൽ പിന്മാറണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി തയ്യാറാവാത്തതിനെ തുടർന്ന് വീട്ടുകാരെ സമ്മതിപ്പിച്ച് തിരികെവരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ തങ്ങിയിരുന്ന ഫ്ളാറ്റിൽ തങ്ങുവാൻ ഉടമ സമ്മതിക്കാതിരുന്നതിനാൽ കൊച്ചിയിലെ ഹോട്ടലിൽ തങ്ങുകയാണ് യുവതി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതിനും യുവതിയുടെ ആഭരണങ്ങൾ കവർന്നതിനുമാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുള്ളത്.