സഹോദരനെ ആക്രമിച്ച പ്രതികൾക്ക് തടവ്
ആലപ്പുഴ: വസ്തുതർക്കത്തെ തുടർന്ന് സഹോദരനെ ആക്രമിച്ച കേസിലെ പ്രതികൾക്ക് 10 മാസം തടവുശിക്ഷ.കുടുംബ ഓഹരിയായി കിട്ടിയ വസ്തുവിൽ മതിൽ കെട്ടുന്നത് തടയുകയും തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെയാണ് ശിക്ഷിച്ചത്. ഒന്നാം പ്രതിയായ മണ്ണഞ്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മണിവിലാസം വീട്ടിൽ മണിയൻ (74), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യയുമായ ജഗദമ്മ (64) എന്നിവർക്കാണ് പത്തുമാസം തടവ് ശിക്ഷ വിധിച്ചത്. 2015ൽ കലവൂർ ബ്ലോക്ക് കവലയ്ക്ക് സമീപമുള്ള ഒന്നാം പ്രതിയുടെ വസ്തുവിന്റെ കിഴക്ക് ഭാഗത്ത് വച്ചാണ് സംഭവം. ഒന്നാംപ്രതി റിട്ട.ഗവ.ഹോമിയോ ഡോക്ടറാണ്.രണ്ടാം പ്രതിയായ ഒന്നാം പ്രതിയുടെ മകൻ സുരാജ് കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാളുടെ വിധി പിന്നീട് പ്രസ്താവിക്കും. മാരാരിക്കുളം സർക്കിൾ ഇൻസ്പെക്ടർ കെ.ജി.അനീഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൻ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി.ഷാരി ഹാജരായി.