ഈ വാരം ക്രിസ് 'മാസ്" സിനിമകൾ
ഡിസംബർ 25 ന് 4 മലയാളം, 8 അന്യഭാഷചിത്രങ്ങൾ
ക്രിസ്മസ് ചിത്രങ്ങൾ ഈ ആഴ്ച തിയേറ്റിൽ . മോഹൻലാലും നിവിൻപോളിയും ഷെയ്ൻ നിഗവും, ഉണ്ണിമുകുന്ദനും ആഘോഷത്തിന് എത്തും. ഹോളിവുഡിൽ നിന്ന് അനാകോണ്ട, വിക്രം പ്രഭുവിന്റെ സിറൈ, അരുൺ വിജയ് യുയുടെ രൊ തല, കിച്ച സുദീപിന്റെ മാർക്ക്, ആദി, മലയാളി താരം സ്വാസിക എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ശമ്പാല, ബോളിവുഡിൽ നിന്ന് കാർത്തിക് ആര്യൻ, അനന്യപാണ്ഡെ എന്നിവരുടെ തു മേരി മെയ്ൻ തേര മെയ്ൻ തേര തു മേരി , അനശ്വര രാജന്റെ തെലുങ്ക് ചിത്രം ചാമ്പ്യൻ, പാൻ ഇന്ത്യൻ സിനിമ 45 എന്നിവയാണ് ചിത്രങ്ങൾ.
എല്ലാ ചിത്രങ്ങളും ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്. മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രീകരിച്ചത്. നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ വൃഷഭ എന്ന യോദ്ധാവായും വിശ്വംഭരൻ നായർ എന്ന പുതിയ കാലത്തെ അച്ഛൻ വേഷത്തിലും മോഹൻലാൽ എത്തുന്നു. നിവിൻ പോളി നായകനായി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായ ഹൊറർ കോമഡി ഗണത്തിൽപ്പെടുന്നു. നിവിൻ - അജുവർഗീസ് കോമ്പോയുടെ പത്താമത്തെ ചിത്രം കൂടി ആണ്. പ്രീതി മുകുന്ദൻ ആണ് നായിക. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വീര സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രം ഹാൽ സംഗീതസാന്ദ്രമായ പ്രണയകഥ ആണ്. സാക്ഷി വൈദ്യ ആണ് നായിക. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കടന്ന ഭാഷകളിലായി ജെ.വി.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും നായകനും നായികയുമായി അരുൺ ബോസ് സംവിധാനം ചെയ്യുന്ന മിണ്ടിയും പറഞ്ഞും വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെ കഥ പറയുന്നു.
ഇക്കുറി 'അനാകോണ്ട"യെ കണ്ടാൽ പ്രേക്ഷകർ ചിരിക്കും. അനാകോണ്ട സീരിസിലെ ആറാമത്തെ ചിത്രത്തിന് അനാകോണ്ട എന്നുതന്നെയാണ് പേര്. ജാക്ക് ബ്ളാക്ക്, സ്റ്റീവ് സാൻ തുടങ്ങിയവരാണ് താരങ്ങൾ. അനശ്വര രാജിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം ചാമ്പ്യൻ പ്രദീപ് അദ്വൈതം രചനയും സംവിധാനവും നിർവഹിക്കുന്നു . റോഷൻ മേക്ക ആണ് നായകൻ. വൈജയന്തി മുവീസ്, സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.