ഇടതുവെട്ടി, വലതുചാഞ്ഞ് ജോസ് ചെല്ലപ്പൻ ആലപ്പുഴ നഗരസഭ യു.ഡി.എഫ് ഭരിക്കും
ആലപ്പുഴ: ആലപ്പുഴ നഗരസഭ ഇനി യു.ഡി.എഫ് ഭരിക്കും. മംഗലം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ ഉപാധികളോടെ പിന്തുണ നൽകിയതോടെ നഗരസഭാ ഭരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ മുൻ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് ജോസ് ചെല്ലപ്പനെ വീട്ടിലെത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. നഗരസഭയിൽ ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രന്റെ നിലപാട് നിർണായകമായിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും പിന്തുണതേടി ജോസ് ചെല്ലപ്പനെ സമീപിച്ചതോടെ, നഗരസഭ വികസനം ലക്ഷ്യമിട്ട് അവതരിപ്പിച്ച വികസനരേഖ അംഗീകരിക്കണമെന്ന ആവശ്യം വാർഡിൽ രൂപവത്കരിച്ച 10പേരുടെ സൗഹൃദസമിതി മുന്നോട്ടുവച്ചു.
ഇത് അംഗീകരിക്കാമെന്ന് യു.ഡി.എഫ് രേഖാമൂലം ഉറപ്പുനൽകിയതോടെ ജോസ് ചെല്ലപ്പൻ പിന്തുണപ്രഖ്യാപിച്ചു. 26ന് നടക്കുന്ന അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്യുമെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു.
നഗരസഭയുടെ വികസനം ആര് അംഗീകരിച്ചാലും അവർക്കൊപ്പം ചേരുമെന്നതായിരുന്നു ജോസ് ചെല്ലപ്പന്റെയും സൗഹൃദസമിതിയുടെയും തീരുമാനം. യു.ഡി.എഫും എൽ.ഡി.എഫും ഇവരുമായി ചർച്ച നടത്തി. യു.ഡി.എഫിന് വേണ്ടി കെ.സി.വേണുഗോപാൽ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, മുൻ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. ഒടുവിൽ, കലാകാരൻ പി.എം. ആന്റണിയുടെ ഓർമ്മദിനത്തിൽ എക്സിക്യൂട്ടിവ് സമിതി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജോസിന്റെ പിതാവ് ചെല്ലപ്പൻ, വാർഡ് സൗഹൃദസമിതി അംഗങ്ങളായ അനിൽ, ജോസ്, മണിക്കുട്ടൻ, ജോണി, ദിലീപ്, ശരത് എന്നിവർ പങ്കെടുത്തു.
ജോസ് വൈസ് ചെയർമാൻ?
1.ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണമാണ് ജോസ് ചെല്ലപ്പന്റെ
വികസനരേഖയിൽ പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന ആവശ്യം.53 വാർഡുകളിലെയും കുറ്റകൃത്യങ്ങൾ തടയാനും മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഇല്ലാതാക്കാനും പൂർണമായുള്ള സി.സി.ടി.വി നിരീക്ഷമാണ് മറ്റൊരു ആവശ്യം
2. അദ്ധ്യക്ഷയുടെയും ഉപാദ്ധ്യക്ഷന്റെയും നേതൃത്വത്തിൽ മാസത്തിൽ രണ്ടുതവണ അദാലത്ത് നടത്തണം.ലൈഫ് പദ്ധതിയുടെ ഭാഗമായി 2017ൽ തുടങ്ങിയ ചാത്തനാട് ഫ്ലാറ്റ് സമുച്ചയം എത്രയും വേഗം പൂർത്തിയാക്കണം. മംഗലം റെയിൽവേക്രോസിന് മുകളിലൂടെ മേൽപാലം വേണമെന്നും ആവശ്യമുണ്ട്
3. അതേസമയം, ജോസ് ചെല്ലപ്പന്റെ ഉപാധികളിൽ വൈസ് ചെയർമാൻ സ്ഥാനം ഇടംപിടിച്ചിട്ടുണ്ടെന്ന തരത്തിൽ ചർച്ചകൾ വ്യാപകമാണ്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിന് യു.ഡി.എഫ് നേതൃത്വമോ,ജോസ് ചെല്ലപ്പനോ തയാറായിട്ടില്ല. നാല് സീറ്റുകളിൽ വിജയിച്ച മുസ്ലീം ലീഗും ഉപാദ്ധ്യക്ഷ പദവിയെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്
കക്ഷിനില
ആകെ: 53
യു.ഡി.എഫ്: 23
എൽ.ഡി.എഫ്: 22
ബി.ജെ.പി: 5
സ്വതന്ത്രൻ: 1
എസ്.ഡി.പി.ഐ: 1
പി.ഡി.പി: 1