വെള്ളിത്തിരയിൽനിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് 25 വർഷം വീണ്ടും രൂപ മാറ്റത്തിൽ കനക
തമിഴിലും മലയാളത്തിലും നായികയായി നിറഞ്ഞുനിന്ന കനകയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. 25 വർഷമായി സിനിമയിൽ നിന്ന് മാറിനിൽക്കുകയാണ് കനക. മോഹൻലാൽ ചിത്രം നരസിംഹം, കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത ഈ മഴ തേൻമഴ എന്നീ ചിത്രങ്ങളിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. തമിഴ് സിനിമയിലെ മുൻകാല നായികയായിരുന്ന ദേവികയുടെ മകളാണ് കനക. അമ്മയുടെ മരണം കനകയെ മാനസികമായി തളർത്തി. ആ വേദനയ്ക്ക് പിന്നാലെ കനക പുറംലോകത്തുനിന്ന് അകന്നു. ഭർത്താവിൽ നിന്ന് മോശം സമീപനം ഉണ്ടായതിനാൽ ദേവിക വളരെ കരുതലോടെയാണ് കനകയെ വളർത്തിയത്. അമ്മയും മകളും ചേരുന്നതായിരുന്നു ആ ലോകം. അപ്രതീക്ഷിതമായി ദേവിക മരണമടഞ്ഞതോടെ കനക തീർത്തും ഒറ്റപ്പെട്ടു. വീടിനുള്ളിലായി ലോകം. സൗഹൃദങ്ങൾ പുതുക്കിയില്ല. അസുഖ ബാധിതയാണ്, ചികിത്സയിലാണ് എന്നിങ്ങനെ പല കഥകൾ പരന്നു. ഏറെ നാളുകൾക്കുശേഷം പെട്ടെന്ന് ഒരു ദിവസം പുറം ലോകത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത്രമാത്രം രൂപത്തിൽ മാറി. പഴയ കനകയുടെ ഛായ പോലും ഇല്ല. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത, മന്നാടിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ തുടങ്ങി എത്രയോ ചിത്രങ്ങളിൽ നായികയായി കനക തിളങ്ങിയത് ആരാധകർ ഓർക്കുന്നു. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം, മുകേഷ്, തമിഴിൽ രജനികാന്ത്, കാർത്തിക്, പ്രഭു, ശരത്കുമാർ, റഹ്മാൻ തുടങ്ങിയവരുടെ നായികയായിരുന്നു കനക.