പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി

Tuesday 23 December 2025 7:52 AM IST

കായംകുളം: പണം ആവശ്യപ്പെട്ട് പിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയും മാതാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ അഭിഭാഷകനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജനെ (63) കൊലപ്പെടുത്തുകയും സിന്ധുവിനെ (48) വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി നവജിത്തിനെയാണ് (30) സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

നിർവികാരനായി പൊലീസിനോട് സംഭവം വിശദീകരിച്ച നവജിത്ത്,​ വെട്ടാനുപയോഗിച്ച മഴു കാട്ടിക്കൊടുത്തു. ആദ്യം വെട്ടാനുപയോഗിച്ച മഴു മൽപ്പിടിത്തത്തിനിടെ തെറിച്ച് പോയിരുന്നു. തുടർന്ന് വെട്ടുകത്തികൊണ്ടാണ് ഇരുവരേയും വെട്ടിയത്. തെളിവെടുപ്പ് സമയത്ത് വീട്ടുകാരെ മാറ്റിയിരുന്നു. ലഹരിക്ക് അടിമയായ പ്രതി പണം ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. നവംബർ 30ന് രാത്രി 8.30ഓടെയാണ് വാക്കുതർക്കത്തെ തുടന്ന് നവജിത്ത് സ്റ്റെയർകേസിന് അടിയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് നടരാജന്റെ തലയ്ക്ക് തുരുതുരെ വെട്ടിയത്. നടരാജന്റെ വിരലുകളും അറ്റുവീണു. തടയാൻ ശ്രമിച്ച സിന്ധുവിനും മാരകമായി വെട്ടേറ്റു. നടരാജൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന സിന്ധു പിന്നീട് ആശുപത്രി വിട്ടു.

സംഭവം നടക്കുമ്പോൾ,​ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അവർ പിന്നീട് പെൺകുഞ്ഞിന് ജന്മം നൽകി. നവജിത്തിന്റെ ഇളയ സഹോദരൻ നിധിൻരാജും സഹോദരി നിധിമോളും ആയുർവേദ ഡോക്ടർമാരാണ്. സംഭവം നടക്കുമ്പോൾ ഇരുവരും അവിടെ ഉണ്ടായിരുന്നില്ല.