അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ
മൂന്നാർ: ഡിസംബർ പാതി പിന്നിട്ടപ്പോൾ തന്നെ മൂന്നാർ തണുത്തുവിറക്കുന്നു. മൂന്നാറിൽ ഓരോ ദിവസവും അന്തരീക്ഷ താപനില താഴേക്ക് പോകുന്ന സ്ഥിതിയാണ്. മൂന്നാർ സെവൻമല, ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ്, ഉപാസി എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില ഞായറാഴ്ചയും മൈനസ് ഒന്ന് രേഖപ്പെടുത്തി. സൈലന്റ് വാലി, ദേവികുളം എന്നിവിടങ്ങളിൽ പൂജ്യമായിരുന്നു. ദേവികുളത്തും ലക്ഷ്മി എസ്റ്റേറ്റിലും ഇന്നലെയും പീജ്യം ഡിഗ്രി രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ രാത്രിയിലും പുലർച്ചെയുമായി മൂന്നാറിലെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അന്തരീക്ഷ താപനില താഴ്ന്നതോടെ പുൽമേടുകളിലും വാഹനങ്ങളുടെ ചില്ലുകളിലും മഞ്ഞുറഞ്ഞിരുന്ന കാഴ്ച മൂന്നാറിൽ പലയിടത്തും ദൃശ്യമായി. ഈ മാസം പകുതി മുതൽ മൂന്നാറിൽ അതിശൈത്യം ആരംഭിച്ചിരുന്നു. രാത്രിയിലെ അതിശൈത്യത്തിനൊപ്പം പകൽ സമയത്തും തണുപ്പനുഭവപ്പെടുന്ന സാഹചര്യം മൂന്നാറിലുണ്ട്. ക്രിസ്തുമസ്- പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാര മേഖലയ്ക്കും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ മൂന്നാറിൽ അന്തരീക്ഷ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. മൈനസ് മൂന്നായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.