കുപ്രസിദ്ധ മോഷ്ടാവ് 'പരാതി കുട്ടപ്പൻ' പിടിയിൽ
മാവേലിക്കര: രണ്ടാഴ്ചയോളമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൊല്ലം ചവറ തെക്കുംഭാഗം മുരിങ്ങവിളയിൽ വീട്ടിൽ ഷാജിയെന്നും പരാതി കുട്ടപ്പനെന്നും അറിയപ്പെടുന്ന മധുവാണ് (57) അറസ്റ്റിലായത്. ഈ മാസം 14ന് കറ്റാനത്തിന് സമീപമുള്ള ഹോട്ടലിന്റെ മുൻവാതിൽ തകർത്ത് പണവും, മൊബൈൽ ഫോണുകളും മോഷ്ടിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ സമീപ ദിവസങ്ങളിൽ കായംകുളം, വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ മോഷണങ്ങൾ നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻനായരുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് പ്രതി കടലിൽ ചാടിയെങ്കിലും സമീപവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്താൽ പൊലീസ് പ്രതിയെ കീഴടക്കുകയായിരുന്നു.
പകൽ സമയങ്ങളിൽ നീണ്ടകര ഹാർബറിൽ തങ്ങി, രാത്രി കാലങ്ങളിൽ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തെത്തി സൈക്കിളിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത്. സി.സി.ടി.വിയുള്ള സ്ഥാപനങ്ങളിൽ പ്രതി മോഷണം നടത്തിയശേഷം ഹാർഡ് ഡിസ്ക്ക് കൈവശപ്പെടുത്തി നശിപ്പിച്ചു കളയാറാണ് പതിവ്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതിന് റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മോഷണം നടത്തിരുന്നത്. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ചവറ, ശക്തികുളങ്ങര, തെക്കുംഭാഗം, ഓച്ചിറ, നൂറനാട്, കുറത്തികാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 25 ഓളം മോഷണ കേസ്സുകളിലെ പ്രതിയാണ്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.