ബാലമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ 15 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 7വർഷം തടവ്

Tuesday 23 December 2025 1:17 AM IST

തിരുവനന്തപുരം: ബാല മന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ 15കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മെഡിക്കൽ കോളേജ് മഠത്തുവിള വീട്ടിൽ വിഷ്ണുവിനെ(35) ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ ശിക്ഷിച്ചത്.

2022 നവംബർ 5നാണ് കേസിനാസ്പദമായ സംഭവം. ആൺ സുഹൃത്തിനെ കാണാനായി രാത്രി 7ന് പൂജപ്പുര ബാലമന്ദിരത്തിൽ നിന്ന് 2 പെൺകുട്ടികൾ ഒളിച്ചോടിയത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെത്തിയ കുട്ടികൾ സുഹൃത്തിനെ കാത്തുനിന്നു. ഇതിനിടെ അവിടെയെത്തിയ പ്രതി താൻ പൊലീസാണെന്നും ഈ സമയത്ത് ഇവിടെ നിൽക്കുന്നത് എന്തിനെന്നും ചോദിച്ചു. ഇതുകേട്ട് ഭയന്നൊടിയ കുട്ടികളെ പിന്തുടർന്ന പ്രതി കുട്ടികളെ തടഞ്ഞ് നിറുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ബാലമന്ദിരത്തിൽ നിന്ന് ചാടിയ കേസ് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. അടുത്ത ദിവസം പുലർച്ചെ കുട്ടികളെ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ കൊണ്ടുവിട്ട് പ്രതി കടന്ന് കളഞ്ഞു. ഇതിനിടെ ഇവരെ അന്വേഷിച്ചെത്തിയ പൂജപ്പുര പൊലീസ് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി ആർ. എസ്. വിജയ് മോഹൻ ഹാജരായി.