ഇന്ത്യ - ന്യൂസിലൻഡ് സ്വതന്ത്ര വാണിജ്യ കരാർ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതി രഹിത കയറ്റുമതി

Tuesday 23 December 2025 12:02 AM IST

ന്യൂഡൽഹി: എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും 100 ശതമാനം നികുതി ഇളവ് നൽകുന്ന സ്വതന്ത്ര വാണിജ്യ കരാറിൽ ഇന്ത്യയും ന്യൂസിലൻഡും ഒപ്പിട്ടു. ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനം ഉത്പന്നങ്ങൾക്ക് ഇന്ത്യ 70 ശതമാനം നികുതി ഇളവ് നൽകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ശേഷമാണിത്. 2025 മാർച്ചിൽ ലക്‌സൺ ഇന്ത്യയിലെത്തിയപ്പോൾ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് മന്ത്രി ടോഡ് മക്ലേയും തമ്മിൽ നടത്തിയ ചർച്ചകളാണ് കരാറിലെത്തിയത്.

ന്യൂസിലൻഡ് ഇറക്കുമതി ചെയ്യുന്ന പ്രധാന ഇന്ത്യൻ ഉത്പന്നങ്ങൾ: തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, തുകൽ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ഓട്ടോമൊബൈലുകൾ, ഇന്ത്യൻ വൈനുകൾ, സ്‌പിരിറ്റ്.

2000 കോടി യു.എസ്

ഡോളറിന്റെ നിക്ഷേപം

 ഇന്ത്യയിൽ അടുത്ത 15 വർഷത്തേക്ക് 2000 കോടി യു.എസ് ഡോളർ ന്യൂസിലൻഡ് നിക്ഷേപം നടത്തും.

 ന്യൂസിലൻഡിലെ കമ്പ്യൂട്ടർ അനുബന്ധ സേവനം,പ്രൊഫഷണൽ സേവനം,ഓഡിയോ വിഷ്വൽ സേവനം,ടെലികമ്മ്യൂണിക്കേഷൻ,നിർമ്മാണ സേവനം,ടൂറിസം, യാത്രാ അനുബന്ധ സേവനം തുടങ്ങി 118 സേവന മേഖലകളിൽ ഇന്ത്യക്കാർക്ക് പ്രവേശനം.

 സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്‌സ് ബിരുദക്കാർക്കും (സ്റ്റെം) മാസ്റ്റേഴ്‌സ് ബിരുദധാരികൾക്കും മൂന്ന് വർഷം വരെയും ഡോക്‌ടർമാർക്ക് നാലു വർഷം വരെയും ഉന്നത പഠനത്തിന് അവസരം

 ആയുഷ് പ്രാക്ടീഷണർമാർ, യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ, സംഗീത അദ്ധ്യാപകർ, ഐ.ടി, എൻജിനിയറിംഗ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ മേഖലകളിലെ 5,000 പ്രൊഫഷണലുകൾക്ക് താത്കാലിക എംപ്ലോയ്‌മെന്റ് വിസയും മൂന്നു വർഷം വരെ താമസവും.

 1,000 പേർക്ക് വർക്ക് ആൻഡ് ഹോളിഡേ വിസകൾ

 ഇന്ത്യയിൽ ന്യൂസിലൻഡ് ആപ്പിൾ, കിവി ഫ്രൂട്ട് എന്നിവ വിളയിക്കാൻ കർഷകർക്ക് സഹായം. സുസ്ഥിര തേനീച്ച വളർത്തൽ പദ്ധതി

 ന്യൂസിലൻഡിൽ നിന്നുള്ള മരത്തടി, കോക്കിംഗ് കൽക്കരി, ലോഹ ഭാഗങ്ങൾ എന്നിവ നികുതി രഹിതം

 ന്യൂസിലൻഡിൽ നിന്നുള്ള പാൽ, പാലുത്പന്നങ്ങൾ, കാപ്പി, ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ, റബർ എന്നിവയ്ക്ക് നികുതി ഇളവ് ബാധകമല്ല.