നീന്തൽക്കുളത്തിൽ നിന്ന് 84ലും മെഡൽവാരി ഡോ.വി.കെ.ഗോപിനാഥൻ

Tuesday 23 December 2025 12:04 AM IST
ഡോ. വി.കെ. ഗോപിനാഥൻ മെഡലുകളുമായി

തൃശൂർ: 84 ാം വയസിന്റെ നിറ'യൗവന'ത്തിൽ സ്വിമ്മിംഗ് പൂളിലേക്ക് നീന്തൽ മത്സരത്തിനായി എടുത്തുചാടി മുങ്ങിനിവർന്നപ്പോൾ കഴുത്തിലണിഞ്ഞത് രണ്ട് മെഡൽ. ഏഴാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ മറ്റ് ജില്ലകളിലെ എൺപത് വയസിന് മുകളിലുള്ളവരെ പിന്നിലാക്കിയാണ് അമ്പത് മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ഒന്നാം സ്ഥാനവും അമ്പത് മീറ്റർ ബട്ടർഫ്‌ളൈസിൽ മൂന്നാം സ്ഥാനവും നേടിയത്. കഴിഞ്ഞവർഷവും ജില്ലയെ പ്രതിനിധീകരിച്ച അഞ്ച് മെഡൽ നേടി. ഇത്തവണ ഒരു സ്വർണ്ണമെഡലോടെയാണ് നേട്ടം. രണ്ടര പതിറ്റാണ്ടോളമായി രാവിലത്തെ പ്രധാന വ്യായാമം തന്നെ നീന്തലാണ്. യാതൊരു അങ്കലാപ്പുമില്ലാതെ ഇപ്പോഴും അദ്ദേഹം നീന്തൽക്കുളത്തിലിറങ്ങും. നിരന്തര പരിശീലനവും നീന്തൽതാരങ്ങളുമായുള്ള സഹവാസവുമാണ് വിജയങ്ങൾക്കെല്ലാം പിന്നിൽ. അക്വാട്ടിക് കോംപ്‌ളക്‌സിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം. കഴിഞ്ഞവർഷം 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 100 മീറ്റർ ബാക്‌സ്‌ട്രോക്, 50 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ മെഡ്‌ലെ റിലേ എന്നീ ഇനങ്ങളിൽ വെള്ളിയും 50 മീറ്റർ ബാക്‌സ്‌ട്രോക്, 200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നീ ഇനങ്ങളിൽ വെങ്കലവുമാണ് നേടിയത്. അക്വാട്ടിക് കോംപ്‌ളക്‌സിലും വിമല കോളേജിലുമുള്ള നീന്തൽക്കുളങ്ങളിലാണ് പരിശീലനം നടത്താറ്.

കരുവന്നൂർ പുഴ നീന്തിക്കടന്ന്

കുട്ടിക്കാലത്ത് കരുവന്നൂർ പുഴ നീന്തിക്കടന്നാണ് നീന്തൽ പഠിച്ചത്. ജോലിയുടെ ഭാഗമായി മറ്റിടങ്ങളിലെത്തിയപ്പോൾ നീന്തൽ കുറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ഡിയെടുത്ത് ആർമിയിലും ഗവൺമെന്റ് സർവീസിലും ഡോക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഒമാനിലെ സലാലയിലും ഡോക്ടറായി. ആരോഗ്യവകുപ്പിൽ നിന്ന് അഡീഷണൽ ഡയറക്ടറായി വിരമിച്ചു. ശേഷം രാവിലെ നീന്തലും നടത്തവും തുടർന്നു. തൃശൂർ മെട്രോപൊളിറ്റൻ ആശുപത്രിയുടെ സ്ഥാപകനാണ്. ഐ.എം.എ ബ്‌ളഡ് ബാങ്ക് ഡയറക്ടറായ ഡോ.ഗോപിനാഥന്റെ നേതൃത്വത്തിലാണ് മൊബൈൽ ബ്ലഡ് ഡൊണേഷൻ തുടങ്ങിയത്.

നീന്തൽ നല്ല വ്യായാമമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗവുമാണ്. വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള വ്യായാമം. പുതിയ തലമുറ നിർബന്ധമായും നീന്തൽ പഠിക്കണം. നീന്തൽ പരിശീലിക്കണം.

ഡോ.വി.കെ.ഗോപിനാഥൻ.