മഹാവികാസ് അഘാഡി സംഖ്യത്തിന്റെ ഭാവി തുലാസിൽ
ന്യൂഡൽഹി: നിയമസഭയ്ക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും തിരിച്ചടി ലഭിച്ചതോടെ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാവി തുലാസിൽ. കോൺഗ്രസ്,ശിവസേന(ഉദ്ധവ്),എൻ.സി.പി(ശരത് പവാർ) പാർട്ടികളുടെ സഖ്യമാണ് മഹാവികാസ്. ജനുവരിയിൽ നടക്കുന്ന മുംബയ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ മുന്നണി ബാനറില്ലാതെ ഒറ്റയ്‌ക്ക് മത്സരിക്കണമെന്ന ആവശ്യം ഘടകക്ഷികൾക്കിടയിലുണ്ട്.
സംഖ്യകക്ഷികൾക്കിടയിലെ ഏകോപനക്കുറവും തീവ്രമായ പ്രചാരണത്തിന്റെ അഭാവവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിഴലിച്ചിരുന്നു. സംസ്ഥാനത്തെ മുനിസിപ്പൽ സ്ഥാപനങ്ങളിലുടനീളമുള്ള ആകെ 288 സീറ്റുകളിൽ, 27 മുനിസിപ്പൽ കൗൺസിലുകളിൽ അദ്ധ്യക്ഷ സ്ഥാനം ഉറപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞെങ്കിലും എൻ.സി.പി,ശിവസേന പാർട്ടികളുടെ പ്രകടനം നിരാശപ്പെടുത്തി. മുന്നണിക്ക് ആകെ ലഭിച്ചത് 44 അദ്ധ്യക്ഷ സ്ഥാനം.
കർഷക ആത്മഹത്യകൾ,തൊഴിലില്ലായ്മ,പണപ്പെരുപ്പം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിച്ച വിഷയങ്ങളെ അവഗണിച്ച് വോട്ട് കൊള്ളയിലൂന്നിയ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചില്ല.
ജനുവരി 15 ന് നടക്കാനിരിക്കുന്ന 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നണിയുടെ ഭാവിക്ക് നിർണായകമാണ്. അതിനിടെ ശിവസേനയും(ഉദ്ധവ്) രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാണ സേനയും തമ്മിലുള്ള സഖ്യ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
ഡിസംബർ 2, 20 തീയതികളിൽ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ മുനിസിപ്പൽ കൗൺസിലുകളിലും നഗർ പഞ്ചായത്തുകളിലുമായി ആകെയുള്ള 288 പ്രസിഡന്റ് സ്ഥാനങ്ങളിൽ 207 എണ്ണവും മഹായുതി നേടി.117 പ്രസിഡന്റ് സ്ഥാനങ്ങൾ നേടിയ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി.