കൈക്കൂലി പണവുമായി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ
തൃശൂർ: കൈക്കൂലി പണവുമായി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പിടിയിൽ. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.യു.ഹാരിസാണ് വിജിലൻസ് പിടിയിലായത്. ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം വച്ചാണ് വിജിലൻസ് സംഘം വാഹനം തടഞ്ഞ് നിറുത്തി പരിശോധിച്ചത്. വാഹനത്തിൽ സൂക്ഷിച്ച 32,500 രൂപ ഹാരിസ് പുറത്തേക്ക് വലിച്ചെറിഞ്ഞത് വിജിലൻസ് സംഘം പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 6.15ന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. ബാർ ഉടമകളിൽ നിന്നും കള്ള് ഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടിയായി കൈക്കൂലി പണം കൈപ്പറ്റാറുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. റേഞ്ച് ഇൻസ്‌പെക്ടർ താത്കാലികമായി താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നും തൃശൂർ എരവിമംഗലത്തുള്ള വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസങ്ങളിൽ വഴിയിൽ വച്ചാണ് കൈക്കൂലി പണം വാങ്ങാറുള്ളതെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.