ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ അതിക്രമം : ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അറസ്റ്റിൽ

Tuesday 23 December 2025 1:44 AM IST

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയിലെ ഒ.പി യിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പ്രണവ് എന്നയാളെയും സെക്യൂരിറ്റി ജീവനക്കാരിയെയും അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ച് ഒ.പിയുടെ ഡോർ തല്ലി പൊളിച്ച മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അറസ്റ്റിൽ.

മൂർക്കനാട് കൊലപാതകമുൾപ്പെടെ നാല് ക്രിമിനൽക്കേസിലെ പ്രതിയായ മനുവാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി എത്തിയ കരുവന്നൂർ സ്വദേശി റിസ്വാൻ (21) എന്നയാളുടെ കൂടെ വന്നതാണ് മനു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാഷ്യാലിറ്റി മെഡിക്കൽ ഓഫീസറായ ഡോ.പി.ഡി.ദീപയുടെ പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജി എം.കെ, എസ്.ഐമാരായ സുൽഫിക്കർ സമദ്, അഭിലാഷ് ടി, ജി.എസ് സി.പി.ഒമാരായ ഗിരീഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.