നാഷണൽ ഹെറാൾഡ് സോണിയക്കും രാഹുലിനും നോട്ടീസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ ഇ.ഡിയുടെ ഹർജിയിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ അപേക്ഷയിലും ഇരുവരും നിലപാട് അറിയിക്കണം. ജസ്റ്റിസ് രവീന്ദർ ദുദേജയുടേതാണ് നടപടി. ഇരുനേതാക്കളെ അടക്കം പ്രതികളാക്കി സമർപ്പിച്ചിരുന്ന കുറ്റപത്രം ഡിസംബർ 16നാണ് ഡൽഹി റൗസ് അവന്യു കോടതി തള്ളിയത്. സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്രമെന്ന് വിലയിരുത്തിയായിരുന്നു പ്രത്യേക കോടതി ജഡ്‌ജി വിശാൽ ഗൊഗ്നെയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അന്വേഷണം. എഫ്.ഐ.ആറിന്റെ അഭാവമുള്ള ഇ.ഡി കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നും സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി നിലപാടെടുക്കുകയായിരുന്നു. 2014ൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം. എന്നാൽ, വിചാരണക്കോടതിക്ക് പിഴവു പറ്റിയെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ വാദിച്ചു. വിഷയം 2026 മാർച്ചിൽ വീണ്ടും പരിഗണിക്കും.