വ്യാജ ബോംബ്: ഇന്ത്യക്കാരൻ സിംഗപ്പൂരിൽ അറസ്റ്റിൽ

Tuesday 23 December 2025 1:24 AM IST

സിംഗപ്പൂർ: ക്രിസ്ത്യൻ പള്ളിയിൽ വ്യാജ ബോംബ് സ്ഥാപിച്ച് ഭീതിപരത്തിയ ഇന്ത്യൻ വംശജൻ സിംഗപ്പൂരിൽ അറസ്റ്റിൽ.കൊകുലാനന്ദൻ മോഹനാണ് (26)അറസ്റ്റിലായത്.അപ്പർ ബുക്കിറ്റ് തിമാ മേഖലയിലെ സെന്റ് ജോസഫ് പള്ളിയിലാണ് വയറുകളും മറ്റും ഘടിപ്പിച്ച് ടേപ്പ് ചുറ്റിയ നിലയിൽ വ്യാജബോംബ് കണ്ടെത്തിയത്.ഇന്നലെ പ്രാർഥനക്കെത്തിയ വിശ്വാസികൾ ഈ അജ്ഞാത വസ്തു ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തിരക്കേറിയ റെസിഡൻഷ്യൽ ഏരിയയിൽ ഉൾപ്പെടുന്ന പള്ളിയിൽ ക്രിസ്മസ് പ്രമാണിച്ച് നിരവധി വിശ്വാസികൾ എത്തിയിരുന്നു.ഇന്നലത്തെ ആരാധനാ പരിപാടികൾ മുടങ്ങി.

ചുവന്ന വയറുകൾ ഘടിപ്പിച്ച് കറുപ്പും മഞ്ഞയും ടേപ്പുകൾ ഉപയോഗിച്ച് ഒട്ടിച്ച മൂന്ന് വ്യാജ ബോംബുകളാണ് കണ്ടെത്തിയത്.രാവിലെ 7.11 ഓടെയാണ് ഇത് ശ്രദ്ധയിൽപെട്ടത്. ബോംബ് സ്ക്വാഡും പൊലീസും എത്തി പരിശോധിച്ച് വ്യാജ ബോംബാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് കാർഡ്ബോർഡ് റോളുകളിൽ കല്ലുകൾ നിറച്ച നിലയിലായിരുന്നു.

കോകിലാനന്ദൻ തനിച്ചാണ് ഇത് ചെയ്തതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മതപരമായ പ്രേരണയോ ഭീകരപ്രവർത്തനമോ ആണെന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.