തോൽവിക്ക് കാരണം സംഘടനാവീഴ്ചയും വിഭാഗീയതയും: സി.പി.എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം സംഘടനാവീഴ്ചയും പാർട്ടിയിലെ വിഭാഗീയതയുമാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായെന്ന് ജില്ലാ സെക്രട്ടറിയും തിരിച്ചടിയായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറിയും. മേയർ ആര്യ രാജേന്ദ്രനെതിരെയും നിശിത വിമർശനം. അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തിരുവനന്തപുരം നഗരസഭയിൽ 15 വാർഡുകളിൽ നൂറിലേറെ വോട്ടുകൾക്കാണ് തോറ്റത്. നേതാക്കളുടെ വീഴ്ചയും സംഘടനാപരമായ ദൗർബല്യങ്ങളുമാണ് തോൽവിക്ക് കാരണമായതെന്ന് കരമന ഹരി വിമർശിച്ചു. ശബരിമല വിഷയം തിരിച്ചടിയായെന്നും ആഘാതം തിരിച്ചറിയാൻ കഴിയാതെ പോയെന്നും ജില്ലാ സെക്രട്ടറി വി.ജോയി റിപ്പോർട്ട് ചെയ്തു. ആഗോള അയ്യപ്പസംഗമം നടത്തിയതിൽ തെറ്റില്ല. എന്നാൽ,അവിടെ യോഗി ആദിത്യനാഥിന്റെ ആശംസവായിച്ചതിന്റെ രാഷ്ട്രീയം എന്താണെന്ന് മനസിലായില്ലെന്ന് അംഗങ്ങൾ പറഞ്ഞു.
എല്ലാം ഭരണത്തിന് വിട്ടുകൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്റെ കുഴപ്പമാണിതെന്ന വിമർശനവും കമ്മിറ്റിയിൽ ഉയർന്നു.തിരുവനന്തപുരത്തെ തോൽവിക്ക് കാരണം രൂക്ഷമായ വിഭാഗീയതയാണെന്ന് മേയറാകാൻ സാദ്ധ്യത കൽപ്പിച്ചിരുന്ന ജില്ലാ കമ്മിറ്റി അംഗം ആരോപിച്ചു. ജില്ലാ സെക്രട്ടറിക്ക് പുറമേ മറ്റ് രണ്ടുപേർ കൂടി സെക്രട്ടറി ചമയുന്നതാണ് ജില്ലയിലെ പ്രശ്നമെന്നും അംഗം ആരോപിച്ചു. മന്ത്രിമാരുടെ ഓഫീസുകൾക്ക് നേരെയും വിമർശനമുയർന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട ഗതികേടിലാണ് എം.എൽ.എമാരെന്ന് കെ.ആൻസലൻ ആരോപിച്ചു.
മേയർ എന്നനിലയിലുള്ള ആര്യ രാജേന്ദ്രന്റെ പ്രവർത്തനം ശരിയായില്ലെന്ന് മുൻ മേയറും എം.എൽ.എയുമായ വി.കെ. പ്രശാന്ത് വിമർശിച്ചു.മേയർക്കെതിരെയുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.അഹങ്കാരവും കെടുകാര്യസ്ഥതയും തിരിച്ചടിയായെന്നും വിമർശനമുണ്ടായി. ജില്ലയിൽ സി.പി.ഐ അനാവശ്യ അവകാശ വാദങ്ങൾ ഉന്നയിച്ചതും പ്രശ്നങ്ങൾക്കിടയാക്കി. തലയെടുപ്പുള്ള ഒരു മുതിർന്ന നേതാവിനെ മത്സരിപ്പിക്കാൻ കഴിയാത്തത് ദൗർബല്യമായെന്നും അഭിപ്രായമുണ്ടായി.
ശബരിമല കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി നടപടി വൈകുന്നതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ന്യായീകരിച്ചു. പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് കുറ്റത്തിൽ വ്യക്തത വരാത്തതു കൊണ്ടാണ്. കേസിൽ വ്യക്തത വന്നാൽ നടപടി എടുക്കുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.