'ഇന്ത്യ - പാക് ആണവ യുദ്ധം തടഞ്ഞു, എന്നാൽ'; വീണ്ടും അവകാശവാദവുമായി ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ -പാകിസ്ഥാൻ ആണവ യുദ്ധം താൻ തടഞ്ഞെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. വെെറ്റ് ഹൗസിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സംഘർഷം അവസാനിപ്പിക്കാൻ താൻ മുഖ്യ പങ്കുവഹിച്ചെന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു.
'എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. തായ്ലൻഡും കംബോഡിയയുമായുള്ള പ്രശ്നങ്ങൾ കുറഞ്ഞു തുടങ്ങി. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കേണ്ടിയിരുന്ന ആണവ യുദ്ധം തടഞ്ഞു. പ്രസിഡന്റ് ട്രംപ് 10 ദശലക്ഷം ആളുകളുടെ ജീവൻ രക്ഷിച്ചുവെന്നാണ് അന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത്. എട്ട് വിമാനങ്ങളാണ് അന്ന് വെടിവച്ചിട്ടത്. ആ യുദ്ധം രൂക്ഷമാകുന്നതിന് മുൻപ് തടഞ്ഞു. റഷ്യ - യുക്രെയിൻ യുദ്ധം മാത്രം ഇതുവരെ പരിഹരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ചർച്ചകൾ നടത്തുന്നുണ്ട്'- ട്രംപ് വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം തടയാൻ വ്യാപാര തീരുവകൾ ഉപയോഗിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു.
എന്നാൽ ഈ അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ ഉണ്ടായ കനത്ത നാശനഷ്ടം കണക്കിലെടുത്ത് പാകിസ്ഥാൻ ഡയറക്ടർ ജനറൽ ഇന്ത്യൻ അധികൃതരെ വിളിച്ചെന്നും ഇതോടെയാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതെന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.