സിഎസ്‌ഐആർ നെറ്റ് പരീക്ഷയുടെ തലേദിവസം 37 വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കിട്ടി, വില നാല് ലക്ഷം രൂപ
ന്യൂഡൽഹി: ഹരിയാനയിലെ സോനിപ്പത്തിൽ സിഎസ്‌ഐആർ - നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പരീക്ഷയ്‌ക്ക് ഒരു ദിവസം മുമ്പ് രണ്ട് വിഷയങ്ങളുടെ ചോദ്യപ്പേപ്പറുകൾ 37 വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഹരിയാന പൊലീസിന്റെ നടപടി. റോഹ്തക് നിവാസികളായ സച്ചിൻ കുമാർ, നീരജ് ധൻഖർ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 17 ബുധനാഴ്‌ചയായിരുന്നു ഇവരെ പിടികൂടിയത്.
ലൈഫ് സയൻസ്, കെമിക്കൽ സയൻസ് പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. നാല് ലക്ഷം രൂപയ്‌ക്കാണ് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത്. നീരജിന്റെ സഹോദരനും അദ്ധ്യാപകനുമായ ധീരജ് ആണ് ഫോണിലൂടെ ചോദ്യങ്ങൾ ചോർത്തി നൽകിയതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഒളിവിൽപ്പോയ ധീരജിനും കൂട്ടാളി ആഷിക്കിനും വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(2), 318(4), 61(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചോദ്യപ്പേപ്പർ കൈക്കലാക്കാൻ പ്രതികൾക്ക് പണം നൽകിയ 37 ഉദ്യോഗാർത്ഥികളെയും ചോദ്യം ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇവരും പ്രതികളും തമ്മിൽ എങ്ങനെയാണ് പരിചയം എന്നതുൾപ്പെടെ പരിശോധിക്കും. എന്നാൽ, ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ച് അറിയില്ലെന്നാണ് പരീക്ഷ ഏജൻസിയുടെ പ്രതികരണം.