ഭർത്താവിനെ കൊന്ന് മൃതദേഹം വുഡ് കട്ടർ ഉപയോഗിച്ച് കഷ്‌ണങ്ങളാക്കി അഴുക്കുചാലിൽ തള്ളി; യുവതിയും കാമുകനും അറസ്റ്റിൽ

Tuesday 23 December 2025 11:25 AM IST

സാംബാൽ: ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് മൃതദേഹം ചെറിയ കഷ്‌ണങ്ങളാക്കിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ സാംബാലിലാണ് സംഭവം. റൂബി, ഗൗരവ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് കെ കെ ബിഷ്‌ണോയ് പറഞ്ഞു.

ഭർത്താവ് രാഹുലിനെ (38) കാണാനില്ലെന്ന് പറഞ്ഞ് നവംബർ 18നാണ് റൂബി പൊലീസിൽ പരാതി നൽകിയത്. പിന്നീട് ഡിസംബർ 15ന് ഈദ്ഗാഹിന് സമീപമുള്ള ഒരു അഴുക്ക് ചാലിൽ നിന്നും വികൃതമായ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തു. മൃതദേഹത്തിന്റെ കയ്യും കാലും തലയും കാണാനില്ലായിരുന്നു. പോസ്റ്റ്‌മോർട്ടവും ഫോറൻസിക് സംഘത്തിന്റെ വിശദമായ പരിശോധനയും നടത്തി. മൃതദേഹത്തിൽ രാഹുൽ എന്ന് എഴുതിയിട്ടുള്ളതായി കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ രാഹുലിന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.

നവംബ‌ർ 18 മുതൽ രാഹുലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ റൂബിയുടെ പങ്കിനെക്കുറിച്ച് പൊലീസിന് സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ റൂബി കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് റൂബി പൊലീസിനോട് പറഞ്ഞു.

ഇരുമ്പ് വടിയും ഇരുമ്പ് ഉലക്കയും ഉപയോഗിച്ച് ഗൗരവിന്റെ സഹായത്തോടെയാണ് രാഹുലിനെ കൊലപ്പെടുത്തിയത്. തുടർന്ന് തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് മൃതദേഹം ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ചു. കുറച്ച് ഭാഗം അഴുക്കുചാലിൽ ഉപേക്ഷിച്ചു. ബാക്കി ഭാഗം രാജ്‌ഘട്ടിലേക്ക് കൊണ്ടുപോയി ഗംഗാ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും പ്രതികൾ പറഞ്ഞു. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങളെല്ലാം പൊലീസ് കണ്ടെടുത്തു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.