വർഷങ്ങൾക്ക് മുമ്പ് ഒരുപാട് ആരാധകരുള്ള നടൻ, ഇന്ന് കഴിയുന്നത് തെരുവിൽ ഭിക്ഷയെടുത്ത്

Tuesday 23 December 2025 11:50 AM IST

സിനിമയിൽ മാത്രമല്ല ജീവിതത്തിലും പലപ്പോഴും പല വേഷങ്ങൾ ആടിത്തിമിർക്കേണ്ടിവരാറുണ്ട്. ഉയർച്ചകളും താഴ്ചകളും ചേർന്നതാണ് ജീവിതം. തെരുവിൽ ഭിക്ഷയെടുക്കുന്ന ഒരു നടന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാണ് ആ നടൻ എന്നല്ലേ?

നിക്ക്‌ലോഡിയൻ ചാനലിലെ പ്രശസ്തമായ പരമ്പരയിലൂടെ ജനപ്രീതി നേടിയ ടൈലർ ചേസ് ഭിക്ഷയെടുക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. കുറച്ചുനാളായി നടനെപ്പറ്റി വിവരമൊന്നുമില്ലായിരുന്നു. ഇതിനിടയിലാണ് മുഷിഞ്ഞ, കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നത്.

വെറും മുപ്പത്തിയാറ് വയസേ ടൈലർ ചേസിനുള്ളൂ. സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന നിലയിലാണ് പുതിയ വീഡിയോയിലുള്ളത്. പാന്റ് അഴിഞ്ഞുപോകാതിരിക്കാൻ കൈകൾ കൊണ്ട് പിടിച്ചിട്ടുണ്ട്. അരിസോണയിൽ 1989ലാണ് ടൈലർ ചേസ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അഭിനയരംഗത്തെത്തി. 2004 മുതൽ 2007വരെ സംപ്രേഷണം ചെയ്ത 'നെഡ്സ് ഡിക്ലാസിഫൈഡ്' ആണ് വഴിത്തിരിവായത്. ഇതേകാലയളവിൽ തന്നെ ഹിറ്റ് കോമഡി പരമ്പരയിലും അഭിനയിച്ചു. 2007ൽ വെള്ളിത്തിരയിലെത്തി.