'മതത്തിൽ  വിശ്വസിച്ചോട്ടെ,  വിരോധമില്ല,  പക്ഷേ'

Tuesday 23 December 2025 11:55 AM IST

മനുഷ്യർ പരസ്‌പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതമെന്ന് നടൻ മമ്മൂട്ടി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'നമ്മൾ സംസ്കാരത്തെപ്പറ്റി പറയുമ്പോൾ പലപ്പോഴും മതേതരത്വം അല്ലെങ്കിൽ മതസഹിഷ്ണുത എന്നൊക്കെയാണ് കൂടുതൽ പറയുന്നത്. മതങ്ങൾ അങ്ങോട്ട് പോട്ടെ, നമ്മൾ മനുഷ്യർ പരസ്‌പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം. മതത്തിൽ വിശ്വസിച്ചോട്ടെ, വിരോധമില്ല. പക്ഷേ നമ്മൾ പരസ്‌പരം വിശ്വസിക്കണം. പരസ്പരം നമ്മൾ കാണേണ്ടവരാണ്. പരസ്പരം ഒന്നിച്ച് ജീവിക്കേണ്ടവരാണ്.

നമ്മൾ എല്ലാവരും ഒരേ വായു ശ്വസിച്ച് ഒരേ സൂര്യ വെളിച്ചത്തിന്റെ ഊർജ്ജം കൊണ്ട് ജീവിക്കുന്നവരാണ്. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല ജാതിയുമില്ല. രോഗങ്ങൾക്കുമില്ല. പക്ഷേ നമ്മൾ ഇതിലെല്ലാം ഒരുപാട് വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇതെല്ലാം നമ്മുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടിത്തന്നെയാണ് എന്നാണ് എന്റെ വിശ്വാസം.

ലോകമുണ്ടായ കാലം മുതൽ നമ്മൾ പരസ്പരം പറയുന്നത് സ്നേഹത്തെപ്പറ്റിയാണ്. മനുഷ്യന്റെ ഉള്ളിലുള്ള നമ്മുടെ ശത്രുവിനെ അതായത് നമ്മളിലുള്ള പെെശാചികമായ ഭാവത്തെ ദേവഭാവത്തിലേക്ക് തിരിച്ചറിയുമ്പോഴാണ് നമ്മൾ മനുഷ്യരാവുന്നത്. അപ്പോഴാണ് നമ്മുക്ക് സ്‌നേഹം ഉണ്ടാവുന്നത്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ നമ്മൾ തന്നെ ജയിക്കണം'- മമ്മൂട്ടി വ്യക്തമാക്കി.