മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിക്ക് ബിജെപി നേതാവിന്റെ മർദ്ദനം; കാഴ്ചക്കാരായി പൊലീസുകാർ

Tuesday 23 December 2025 12:10 PM IST

ജബൽപൂർ: മദ്ധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ ബിജെപി നേതാവ് മർദ്ദിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുള്ള ഗോരക്പൂർ ഹവാഭാഗ് മേഖലയിലെ പള്ളിയിലാണ് സംഭവം. ബിജെപി ജബൽപൂർ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവയാണ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ യുവതിയെ ആക്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പള്ളിയിലെ പ്രാർത്ഥനയിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. എന്നാൽ അവിടെയെത്തിയ ബിജെപി നേതാവ് അഞ്ജു ഭാർഗവ യുവതിയെ തടഞ്ഞുനിർത്തുകയും ആക്രോശിക്കുകയുമായിരുന്നു.

'എന്ത് ബിസിനസിനാണ് നീ ഇങ്ങോട്ട് വന്നത്? എന്തിനാണ് സിന്ദൂരം തൊട്ടത്? കൈയിലുള്ള കുട്ടിയുമായി ഇവിടെ എന്താണ് കാര്യം?' എന്നിങ്ങനെ ചോദിച്ചുകൊണ്ടായിരുന്നു അധിക്ഷേപം. 'നീ ഇനിയും അന്ധയായി തന്നെ തുടരും' എന്നതടക്കമുള്ള അങ്ങേയറ്റം ശാപ വാക്കുകളും ചൊരിഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ദേശീയതലത്തിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് നേതാക്കൾ വീഡിയോ പങ്കുവച്ച് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അന്ധയായ യുവതിയോട് ഭരണകക്ഷി നേതാവ് കാട്ടിയ ക്രൂരത അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.