'യുഡിഎഫിനെ വഴിയമ്പലമായി കാണരുത്, പിവി അൻവർ സംയമനം പാലിക്കണം'; തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിലെ അസോസിയേറ്റ് മെമ്പറായി എടുത്തതിന് പിന്നാലെ പ്രതികരണവുമായി മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിലേക്ക് വരുന്ന അൻവർ സംയമനം പാലിക്കണമെന്നും മുന്നണിയെ ഒരു വഴിയമ്പലമായി' കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവസര സേവകരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
'എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരുക എന്നത് പ്രയാസമുള്ള കാര്യമാണ്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കിക്കാണാൻ സാധ്യമല്ല. പാർട്ടിക്ക് വിരുദ്ധമായി അൻവർ സംസാരിക്കാൻ പാടില്ല. ഐക്യജനാധിപത്യ മുന്നണിയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണ്'- മുല്ലപ്പള്ളി പറഞ്ഞു.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസിനെപ്പറ്റി അറിയില്ലെന്നും ആരാണ് വിഷ്ണുപുരം ചന്ദ്രശേഖരനൊന്നും എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിവി അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസും സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമാണ് കഴിഞ്ഞ ദിവസം യുഡിഎഫ് ക്യാമ്പിലെത്തിയത്. അൻവറിന് നിലമ്പൂരിൽ ചില്ലറ സ്വാധീനമുണ്ടെങ്കിലും തൃണമൂൽ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. സി.കെ ജാനുവിന്റെ കാര്യവും മറിച്ചല്ല. എങ്കിലും മുന്നണി സംവിധാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ കരുത്തേറും.
വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രസിഡന്റായ കേരള കാമരാജ് കോൺഗ്രസ് മുന്നണിയിലെത്തിയെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ചന്ദ്രശേഖരൻ അതു തള്ളിയത് വലിയൊരു പ്രശ്നമായി യുഡിഎഫ് കാണുന്നില്ല. കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിൽ അങ്ങോട്ടു പോയി ചർച്ചയില്ലെന്ന നിലപാട് എടുത്തെങ്കിലും വാതിൽ മലർക്കെ തുറന്നിട്ടിട്ടുണ്ട്. ഇടതു സഹയാത്രികരായ മറ്റു ചില കക്ഷികളും യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക സംസാരം നടത്തിയതായാണ് സൂചന.