ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ മുഴുവൻ ക്രമക്കേട്; ജർമനിയിലും ആരോപണം ആവർത്തിച്ച് രാഹുൽ, നാണക്കേടെന്ന് ബിജെപി

Tuesday 23 December 2025 12:48 PM IST

ബെർലിൻ: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുണ്ടെന്ന് ആവർത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജർമനിയിലെ ബെർലിനിൽ നടന്ന പരിപാടിയിലാണ് രാഹുലിന്റെ പരാമർശം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അന്വേഷണ ഏജൻസികളായ ഇഡി, സിബിഐ എന്നിവയെ ബിജെപി രാഷ്‌‌ട്രീയ എതിരാളികളെ തകർക്കാനായി ഉപയോഗിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഏജൻസികൾ ഭരണപക്ഷത്തുള്ളവർക്കെതിരെ കേസെടുക്കുന്നില്ല. പകരം പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഈ സ്ഥാപനങ്ങളെ രാജ്യത്തിന്റെ സ്വത്തായാണ് കണ്ടിരുന്നതെങ്കിൽ ബിജെപി അവയെ പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണമായാണ് കാണുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ കുഴപ്പങ്ങളുണ്ടെന്നും കുറ്റമറ്റതല്ലെന്നും അദ്ദേഹം ആരോപിച്ചു. 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടന്നതായി രാഹുൽ ആവർത്തിച്ചു. ഹരിയാനയിൽ കോൺഗ്രസ് വിജയിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും എന്നാൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പും നീതിയുക്തമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന് തന്നെ അപകീർത്തികരമാണ് രാഹുലിന്റെ പ്രസ്‌താവനയെന്നാണ് ബിജെപിയുടെ പരാമർശം.