ഒരു വർഷത്തിനിടെ ഒരാൾ വാങ്ങിയത് ഒരു ലക്ഷം രൂപയുടെ കോണ്ടം; ഇൻസ്റ്റമാർട്ടിലെ കണക്കുകൾ പുറത്ത്

Tuesday 23 December 2025 12:54 PM IST

ചെന്നൈ: ഇൻസ്റ്റാമാർട്ടിന്റെ വാർഷിക സ്ഥിതിവിവരക്കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഐഫോണും, മുട്ടയും പച്ചക്കറികളും അടക്കമുള്ളവ വാങ്ങിയവരുടെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതിൽ ഏറെ കൗതുകമുള്ളൊരു കാര്യമുണ്ട്. ചെന്നൈ നിവാസിയായ ഒരാൾ കോണ്ടം വാങ്ങാനായി ഒരു ലക്ഷം രൂപയിലധികമാണ് ചെലവഴിച്ചത്. ഒരു പുരുഷനാണ് ഇത്രയും കോണ്ടം വാങ്ങിയതെന്നാണ് വിവരം

2025ൽ 228 തവണകളായി 1,06,398 രൂപ വിലമതിക്കുന്ന കോണ്ടമാണ് വാങ്ങിയത്. ശരാശരിയെടുത്തുനോക്കിയാൽ ഓരോ ഒന്നര ദിവസത്തിനിടയിലും കോണ്ടം വാങ്ങി. കഴിഞ്ഞ വർഷം കോണ്ടം വാങ്ങുന്നതിനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ബംഗളൂരു സ്വദേശിയായിരുന്നു.

ചെന്നൈ സ്വദേശി മാത്രമല്ല മറ്റുള്ളവരും കോണ്ടം വാങ്ങി. 127 ഓർഡറുകളെടുത്തുനോക്കിയാൽ അതിലൊന്ന് കോണ്ടമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്തംബറിൽ കോണ്ടം വാങ്ങലുകളിൽ 24 ശതമാനം വർധനവുണ്ടായെന്നും ഇത് ഏറ്റവും ഉയർന്ന പ്രതിമാസ വർദ്ധനവുകളിലൊന്നാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്ത് ഇൻസ്റ്റമാർട്ട് പോലുള്ള ഇ കൊമോഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം വളരെയേറെ വർദ്ധിച്ചിട്ടുണ്ട്. മുംബയിലെ ഒരു ഉപയോക്താവ് 15.16 ലക്ഷം രൂപയുടെ സ്വർണമാണ് ഓൺലൈനായി വാങ്ങിയത്. ബംഗളൂരു സ്വദേശിയായ ഒരാൾ ഒറ്റയടിക്ക് മൂന്ന് ഐഫോൺ17 ആണ് വാങ്ങിയത്. ഇതിനായി നാല് ലക്ഷം രൂപയിലധികം ചെലവഴിച്ചു. ടിപ്പുകൊടുക്കുന്നവരും ഏറെയാണ്. ബംഗളൂരു സ്വദേശി ഒരു വർഷത്തിനിടെ 68600 രൂപയാണ് ടിപ്പായി നൽകിയത്.