സുഹൃത്തുക്കളെ ഫ്ലാറ്റിൽ കയറ്റിയത് ചോദ്യം ചെയ്‌തു; 62 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് യുവതി, പിന്നാലെ പ്രശംസ
ബംഗളൂരു: സ്വന്തം ഫ്ലാറ്റിൽ സുഹൃത്തുക്കളെ കയറ്റിയത് ചോദ്യം ചെയ്‌തവർക്കെതിരെ 62 ലക്ഷം രൂപയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് യുവതി. തനിക്കുണ്ടായ ബുദ്ധിമുട്ടിനും നാണക്കേടിനും പകരമായാണ് ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചതിന് പിന്നാലെ വലിയ പ്രശംസയാണ് യുവതിക്ക് ലഭിക്കുന്നത്.
ബംഗളൂരുവിലെ അപാർട്‌മെന്റിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. തന്റെ അഞ്ച് സുഹൃത്തുക്കൾ അപാർട്‌മെന്റിലെത്തിയതാണ് കെട്ടിടത്തിലെ താമസക്കാരായ ചില പുരുഷന്മാരെ പ്രകോപിതാരാക്കിയതെന്ന് യുവതി പറയുന്നു.
'സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കുമ്പോൾ അവർ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവരികയായിരുന്നു. അവിവാഹിതരെ അപാർട്‌മെന്റിൽ കയറ്റാൻ അനുവാദമില്ലെന്നും ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തത് ആരിൽ നിന്നാണെന്നും ചോദിച്ചു. സ്വന്തം ഫ്ലാറ്റാണെന്ന് ഞാൻ മറുപടി പറഞ്ഞു. ഇതിനിടയിൽ കൂട്ടത്തിലൊരാൾ അനുവാദമില്ലാതെ അകത്തേയ്‌ക്ക് കയറി പരിശോധന നടത്താൻ തുടങ്ങി. തന്റെ ആൺ സുഹൃത്തുക്കൾ ചേർന്നാണ് അവരെ പുറത്താക്കിയത്. തുടർന്ന് അവർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഉദ്യോഗസ്ഥരെത്തി ഫ്ലാറ്റുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു' - യുവതി പറയുന്നു.
തന്റെ സുരക്ഷയെ കരുതി പിതാവ് ഫ്ലാറ്റിൽ സിസിടിവി കാമറ സ്ഥാപിച്ചിരുന്നെന്നും അതിൽ സംഭവത്തിന്റെ എല്ലാ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ടെന്നും യുവതി പറയുന്നു. ബഹളം വയ്‌ക്കുകയോ ശല്യം ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേർത്തു.
പ്രശ്‌നം ഉണ്ടാക്കിയവർക്കെതിരെ റസിഡന്റ്സ് അസോസിയേഷൻ ചെയർമാന് യുവതി പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതിയോടൊപ്പം നൽകിയിരുന്നു. ഇതേ തുടർന്ന് പ്രശ്‌നത്തിൽ പങ്കാളികളായ അസോസിയേഷൻ ബോർഡ് അംഗങ്ങളെ തൽസ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്യുകയും ഓരോരുത്തർക്കും 20000 രൂപ വീതം പിഴ ചുമത്തുകയും ചെയ്‌തു.