'ഞങ്ങൾക്ക് ഇവിടെ കഴിയാൻ ഭയമാണ്; സഹായം ലഭിച്ചാൽ ഇന്ത്യയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്'

Tuesday 23 December 2025 2:31 PM IST

ധാക്ക: തങ്ങൾക്ക് ബംഗ്ലാദേശിൽ കഴിയാൻ ഭയമാണെന്ന് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദീപു ചന്ദ്രദാസിന്റെ സഹോദരൻ അപ്പു ദാസ്. ബംഗ്ലാദേശിൽ ജീവിക്കാൻ കഴിയില്ലെന്നും വേണ്ട സഹായം ലഭിച്ചാൽ എത്രയുംവേഗം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് സഹോദരൻ പറഞ്ഞിരുന്നതായും അപ്പു ദാസ് കൂട്ടിച്ചേർത്തു.

ജോലി ചെയ്തിരുന്ന മൈമെൻസിങ് നഗരത്തിലെ ഫാക്ടറിക്ക് പുറത്ത് വച്ചായിരുന്നു ദീപു ആക്രമിക്കപ്പെട്ടത്. ദൈവനിന്ദ ആരോപിച്ചാണ് ജനക്കൂട്ടം ദീപു ദാസിനെ മർദിച്ചു കൊലപ്പെടുത്തിയത്. അക്രമികൾ ദീപുവിന്റെ മൃതദേഹം ധാക്ക-മൈമെൻസിങ് ഹൈവേയിൽ വച്ച് തീകൊളുത്തുകയും ഗതാഗതം സ്‌തംഭിപ്പിക്കുകയും ചെയ്‌തിരുന്നു. ബംഗ്ലാദേശ് വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്.

ബംഗ്ലാദേശിലുടനീളമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഈ സംഭവം വീണ്ടും രോഷം ആളിക്കത്തിച്ചു. ഇടക്കാല സർക്കാർ ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു. ഹിന്ദു സംഘടനകളും മറ്റ് ന്യൂനപക്ഷ സംഘടനകളും ഇതിനെതിരെ ധാക്കയിൽ ഒരു മനുഷ്യച്ചങ്ങല രൂപീകരിച്ച് പ്രതിഷേധിച്ചു. ആൾക്കൂട്ട കൊലപാതകം, മാദ്ധ്യമ ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം, അക്രമാസക്തമായ പ്രകടനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു.