പുലർച്ചെ മൂന്നരയ്ക്ക് നിർത്താതെ ബെല്ലടിച്ചു, പുറത്തുണ്ടായിരുന്നത് രണ്ട് പുരുഷന്മാർ; ഭയാനകമായ അനുഭവം വെളിപ്പെടുത്തി നടി
വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും പഴി കേൾക്കേണ്ടിവന്നിട്ടുള്ള നടിയാണ് ഉർഫി ജാവേദ്. തന്നെ ഏറെ ഭയപ്പെടുത്തിയ ഒരനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. പുലർച്ചെ മൂന്നരയ്ക്ക് നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ട് നോക്കിയപ്പോൾ രണ്ട് പുരുഷന്മാർ പുറത്തുനിൽക്കുന്നത് കണ്ടെന്ന് നടി പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. ആ സമയത്ത് നടിയുടെ അപ്പാർട്ട്‌മെന്റിൽ സഹോദരിമാരുമുണ്ടായിരുന്നു.
പത്ത് മിനിട്ടോളം ബെല്ലടി നീണ്ടുനിന്നു. ഇതുകേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. ചെന്നുനോക്കിയപ്പോൾ രണ്ട് പുരുഷന്മാർ പുറത്തുനിൽക്കുന്നത് കണ്ടു. ഒരാൾ വാതിലിന് മുന്നിലും മറ്റൊരാൾ അൽപം മാറിയുമാണ് നിൽക്കുന്നത്. വാതിൽ തുറക്കാൻ അവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പോകാൻ പറഞ്ഞിട്ടും അവർ അതിനുതയ്യാറായില്ല.
രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്ന് അവർ പറയുന്നുണ്ടായിരുന്നു. ഒടുവിൽ പൊലീസിനെ വിളിച്ചു. അപ്പാർട്‌മെന്റിന്റെ പതിമൂന്നാം നിലയിൽ താമസിക്കുന്നവരാണ് ബെല്ലടിച്ചത്. പൊലീസെത്തിയപ്പോൾ തങ്ങളോടും പൊലീസിനോടും അവർ മോശമായി പെരുമാറി. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ അവർ സെക്യൂരിറ്റിയോട് പറയുന്നത് കേട്ടെന്നും നടി ആരോപിക്കുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് നടിയുടെ വെളിപ്പെടുത്തൽ.