4,000 കോടിയുടെ കരാർ അന്തിമഘട്ടത്തിലേക്ക്; ബ്രഹ്മോസ് മിസൈൽ വാങ്ങാനൊരുങ്ങി വിയറ്റ്‌നാമും ഇൻഡോനേഷ്യയും

Tuesday 23 December 2025 4:07 PM IST

ന്യൂഡൽഹി: വിയറ്റ്‌നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബ്രഹ്മോസ് മിസൈൽ കരാറുകൾ അന്തിമഘട്ടത്തിലേക്ക്. ഏകദേശം 4,000 കോടി രൂപയുടെ കരാറാണ് ഇരുരാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവയ്‌ക്കാൻ പോകുന്നതെന്നാണ് വിവരം. ഇരുരാജ്യങ്ങൾക്കും മിസൈൽ കൈമാറാൻ ബ്രഹ്മോസിലെ പങ്കാളിയായ റഷ്യയും അനുമതി നൽകിയതോടെയാണ് കരാർ യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്.

ഡിസംബർ നാലിന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയിൽ റഷ്യ ഇതിന് വാക്കാലുള്ള ഉറപ്പ് നൽകിയിരുന്നു. ഔദ്യോഗികമായ അനുമതി പത്രം മോസ്‌കോയിൽ നിന്ന് ഉടൻ ലഭിക്കുമെന്നാണ് സൂചന.

ദക്ഷിണ ചൈനാ കടലിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സാന്നിദ്ധ്യത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനൊരുങ്ങുന്നത്. ദക്ഷിണ ചൈനാ കടലിലെ അവകാശവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാമിനും ഇൻഡോനേഷ്യയ്‌ക്കും തർക്കങ്ങളുണ്ട്. ഇത് തുടരുന്നതിനിടെയാണ് തീര സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ ആയുധങ്ങൾ വാങ്ങാനൊരുങ്ങുന്നത്.

ആസിയാൻ രാജ്യങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളി എന്ന രാജ്യമായി ഇന്ത്യ ഉയർന്നുവരുന്നതിന് ഇരുരാജ്യങ്ങളുമായുള്ള ബ്രഹ്മോസ് ഇടപാട് സഹായിക്കും. ശബ്‌ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ലോകത്തിലെ തന്നെ മികച്ച സൂപ്പർസോണിക് ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ഇതിന്റെ 290 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന പതിപ്പുകളാകും ഇരുരാജ്യങ്ങൾക്കും ഇന്ത്യ നൽകുക. ഫിലിപ്പീൻസാണ് ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങിയ ആദ്യ രാജ്യം. ഇതിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങളും മിസൈൽ വാങ്ങാനെത്തുന്നത്.