ചിരഞ്ജീവി ചിത്രത്തിൽ മോഹൻലാൽ
കൊൽക്കത്ത പശ്ചാത്തലമായി ഗ്യാങ്സ്റ്റർ ചിത്രം
തെലുങ്ക് മെഗാതാരം ചിരഞ്ജീവിയും മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഇതാദ്യമായി ഒരുമിക്കുന്നു. ഡാക്കുമഹാരാജ് എന്ന ചിത്രത്തിലൂടെ മലയാളികളെയും ഞെട്ടിച്ച ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചരിത്ര ഒത്തുച്ചേരൽ. ചിരഞ്ജീവി ചിത്രത്തിൽ നിർണായക വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.
കൊൽക്കത്ത പശ്ചാത്തലമാക്കി ഗ്യാങ്സ്റ്റർ ചിത്രമാണ് ഒരുക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മസംഘർഷത്തിന്റെയും കഥ ചിത്രം പറയുന്നു . വാൾട്ടർ വീരയ്യയ്ക്കുശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. 2027 ൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ് ഫാദറിൽ ചിരഞ്ജീവി ആയിരുന്നു സ്റ്റീഫൻ നെടുമ്പള്ളി. എന്നാൽ മലയാളത്തിലെ വിജയം തെലുങ്കിൽ ലഭിച്ചില്ല. അതേസമയം തെലുങ്ക് ആരാധകർക്കിടയിൽ വലിയ പ്രശസ്തി സമ്മാനിച്ച മോഹൻലാൽ ചിത്രം ആണ് ജനത ഗ്യാരേജ്. ജൂനിയർ എൻ.ടി.ആറും മോഹൻലാലും , ഉണ്ണി മുകുന്ദനും നിറഞ്ഞുനിന്ന ചിത്രം കൊരട്ടല ശിവ ആണ് രചനയും സംവിധാനവും. വിഷ്ണു മഞ്ചു നായകനായ കണ്ണപ്പയിൽ കിരാത എന്ന അതിഥി വേഷത്തിലും മോഹൻലാൽ തെലുങ്ക് പ്രേക്ഷകർക്ക് മുൻപിൽ എത്തി.
വൃഷഭ ആണ് മോഹൻലാൽ നായകനായി അവസാനം റിലീസിന് ഒരുങ്ങുന്ന തെലുങ്ക്ചി ത്രം.മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിച്ച വൃഷഭ നാളെ ലോകവ്യാപകമായി തിയേറ്ററിൽ എത്തും.