കൊച്ചിയുടെ മേയറായില്ല, ദീപ്തി മേരി വര്‍ഗീസിന് നിയമസഭാ സീറ്റ് നല്‍കും; പാര്‍ട്ടിയിലെ ഉന്നത പദവിയും പരിഗണനയില്‍
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കൊച്ചിയുടെ മേയറാരെന്ന ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. അഞ്ച് വര്‍ഷക്കാലം നഗരസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുകയും മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കൊച്ചിയുടെ മേയറാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ടേം വ്യവസ്ഥയില്‍ നറുക്ക് വീണത് അഡ്വക്കേറ്റ് വി.കെ മിനിമോള്‍ക്കും ഷൈനി മാത്യുവിനുമാണ്.
സാമുദായിക സമവാക്യങ്ങളാണ് ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടിയായത്. ഇടതുപക്ഷം സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടും കൊച്ചി നഗരഭരണം നഷ്ടപ്പെടുകയായിരുന്നു. കൊച്ചിയില്‍ അധികാരത്തിലേക്ക് മടങ്ങിയെത്താനായതിന് പിന്നില്‍ ലത്തീന്‍ സഭയുടെ വലിയ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഭയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന തീരുമാനമാണ് ദീപ്തിക്ക് തിരിച്ചടിയായത്.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ദീപ്തിക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദീപ്തിക്ക് ജയസാദ്ധ്യതയുള്ള ഒരു സീറ്റ് നല്‍കാമെന്ന ഉറപ്പാണ് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ സംഘടനാ രംഗത്തും കൂടുതല്‍ ഉയര്‍ന്ന പദവിയും നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തിക്ക് പാര്‍ട്ടി നല്‍കിയേക്കും. നഗരസഭ കൗണ്‍സിലര്‍, കെപിസിസി ഭാരവാഹി എന്നീ നിലയില്‍ ദീപ്തിയുടെ പ്രവര്‍ത്തനങ്ങളോട് വലിയ എതിര്‍പ്പ് നേതൃത്വത്തിനില്ല.
എന്നാല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷവുമായി ചര്‍ച്ചനടത്തിയെന്നും അന്ന് സീറ്റ് ലഭിക്കാത്തതില്‍ നേതൃത്വത്തെ വെല്ലുവിളിച്ചുവെന്നുമുള്ള ചില മാദ്ധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ ഇടത് നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന ആരോപണം അന്ന് ദീപ്തി മേരി വര്‍ഗീസ് നിഷേധിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നതിന് ഇത്തരം ചര്‍ച്ചകള്‍ കാരണമായെന്നത് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ദീപ്തിയോട് താത്പര്യക്കുറവുണ്ടാകുന്നതിന് കാരണമായി.