കനകക്കുന്നിൽ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

Wednesday 24 December 2025 3:32 AM IST

തിരുവനന്തപുരം:തലസ്ഥാന നഗരിൽ വസന്തമൊരുക്കി കനകക്കുന്നിലെ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന വസന്തോത്സവം - പുഷ്പമേളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം വൈകിട്ട് 6ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ തുടങ്ങിയവർ മുഖ്യാതിഥിയാകും.എം.പിമാരായ ശശി തരൂർ, എ.എ. റഹീം, വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ കെ.ആർ. ക്ലീറ്റസ്,കളക്ടർ അനുകുമാരി, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം അഡിഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ഡി.ടി.പി.ടി സെക്രട്ടറി സതീഷ് മിറാൻഡ തുടങ്ങിയവർ പങ്കെടുക്കും. അമ്പതിനായിരത്തോളം വിവിധയിനം ചെടികളാണ് ഇത്തവണ കാണികൾക്കായി ഒരുക്കുന്നത്.പാലോട് ബോട്ടാണിക്കൽ ഗാർഡനാണ് ഷോയ്ക്ക് നേതൃത്വം നൽകുന്നത്. മേള ജനുവരി 4ന് സമാപിക്കും.ഇത്തവണത്തെ പുഷ്പമേള 'ക്രൈസാന്തികം മേള' എന്ന് കൂടി അറിയപ്പെടും. ലക്നൗവിൽ കണ്ടുവരുന്ന ഒരു തരം കട്ട് ഫ്ളവറാണ് ഇത്.കനകക്കുന്നിൽ ഏഴായിരത്തിലധികം വിവിധയിനം ക്രൈസാന്തികംകൊണ്ടുള്ള സ്റ്റാൾ ഒരുക്കി ഷോയുടെ പ്രധാന ആകർഷണമാക്കിമാറ്റിയിട്ടുണ്ട്. കൂടാതെ ക്യൂരിയസ് പ്ളാന്റ്സ്,പോയൻസെറ്റിയ,മേരി ഗോൾഡ്,പെറ്റ്യൂണിയ,ആസ്റ്റർ, കാർനേഷൻ,ഏഷ്യാറ്റിക് ലില്ലി, ബോൺസായി കളക്ഷൻസ് തുടങ്ങി വിവിധ ഇനങ്ങളുടെ മഹാ കാഴ്ചയും ഒരുക്കിയിട്ടുണ്ട്. സംഘാടകർ ഇത്തവണ എത്തിച്ചിട്ടുള്ളത് 35,000 പൂക്കളാണ്. വ്യക്തികൾക്കും, നഴ്സറികൾക്കും,സർക്കാർ - സർക്കാരിതര സ്ഥാപനങ്ങൾക്കുമായി സൗജന്യമായി പ്രത്യേകം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.പുഷ്പമേളയിൽ പങ്കെടുക്കുന്ന നഴ്സറികൾക്ക് സൗജന്യമായാണ് സ്റ്റാളുകൾ നൽകുന്നത്.മേളയോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ പുഷ്പാലങ്കാര പ്രദർശനവും മത്സരവും നടക്കുന്നുണ്ട്.ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്,കലാപരിപാടികൾ തുടങ്ങിയവയും നടക്കും.മുതിർന്നവർക്ക് 50 രൂപ,കുട്ടികൾക്ക് 30 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.പൂക്കൾ കൊണ്ട് തീർത്ത ഇൻസ്റ്റലേഷനുകളും മനോഹരമായ കമാനങ്ങളും പ്രദർശന നഗരിയെ കൂടുതൽ ആകർഷകമാക്കുകയാണ്.