ഉരുകി സുഗന്ധം പരത്തും മെഴുകുതിരികൾ വിപണി പിടിച്ച് കോളേജ് വിദ്യാർത്ഥിനികൾ
നെടുമങ്ങാട്: ക്രിസ്മസിന് സുഗന്ധം പരത്തുന്ന മെഴുകുതിരി വിപണിയിലെത്തിച്ച് കൈയടി നേടുകയാണ് നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ ഒരുപറ്റം വിദ്യാർത്ഥിനികൾ.സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുക,നൈപുണ്യ വികസനം കുട്ടികളിൽ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീമും ഇംഗ്ലീഷ് വിഭാഗവും ചേർന്ന് ആരംഭിച്ച സംരംഭമാണ് ഹിറ്റായത്.മെഴുകുതിരി നിർമ്മാണ യൂണിറ്റിൽ പരിശീലനം ലഭിച്ച നാല്പതോളം വിദ്യാർത്ഥികളുണ്ട്. പാരാഫിൻ വാക്സ് ചെറിയ കഷണങ്ങളാക്കി ഇരട്ട ബോയിലർ രീതിയിൽ ഉരുക്കുന്നതാണ് പ്രഥമഘട്ടം.മെഴുക് ദ്രാവകാവസ്ഥയിലാകുമ്പോൾ ആവശ്യമായ നിറവും സുഗന്ധവും ചേർക്കും.അച്ചുകളുടെ നടുവിൽ തിരി ഉറപ്പിച്ച് ഉരുക്കിയ മെഴുക് അച്ചുകളിലേക്ക് പകരും.ഒടുവിൽ മെഴുക് കട്ടിയാകാൻ സാധാരണ ഊഷ്മാവിൽ വയ്ക്കും.വിവിധ രൂപങ്ങളിലും നിറങ്ങളിലുമുള്ള ഡെക്കറേറ്റീവ് ക്യാൻഡിലുകൾ,സെന്റഡ് ക്യാൻഡിലുകൾ,ഗ്ലാസ് പാത്രങ്ങളിൽ നിർമ്മിക്കുന്ന സുതാര്യമായ ജെൽ ക്യാൻഡിലുകൾ മുതലായവയും വിപണിയിലിറക്കിയിട്ടുണ്ട്.കുറഞ്ഞ മൂലധനത്തിൽ കൂടുതൽ ലാഭം നേടാവുന്ന സംരംഭമാണിതെന്ന് വിദ്യാർത്ഥികൾ പറയുന്നു.വിപണിയിൽ കോളേജിന്റെ ക്യാൻഡിലിന് വൻ ഡിമാന്റാണ്.ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക സൗമ്യയുടെ മേൽനോട്ടത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം.