താറാവുകൾക്ക് പക്ഷിപ്പനി, സഹോദരങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടം

Tuesday 23 December 2025 10:17 PM IST

അമ്പലപ്പുഴ: ക്രിസ്‌മസ് വിപണി ലക്ഷ്യമാക്കി വളർത്തിയ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സാമ്പത്തിക നഷ്ടം താങ്ങാനാവാതെ സഹോദരങ്ങളായ താറാവുകർഷകർ. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് കുരുടന്റെപറമ്പ് വീട്ടിൽ അജിമോൻ, സഹോദരൻ വണ്ടാനം കിഴക്ക് കന്യക്കോണിൽ കിഴക്ക് ഹരിക്കുട്ടൻ എന്നിവരുടെ താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പൊന്നാകരി പാടശേഖരത്താണ് ഇവർ താറാവിനെ ഇറക്കിയിരുന്നത്. 4 മാസത്തോളം പ്രായമായതാണ് വിൽക്കാറായ താറാവുകൾ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 10, 20 താറാവുകൾ വീതം കുഴഞ്ഞു വീണ് ചാവുകയായിരുന്നു. ആലപ്പുഴ മൃഗാശുപത്രിയിൽ നിന്ന് ജീവനക്കാരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അജിമോന്റെ 7000 താറാവുകളിൽ 3000 എണ്ണംചത്തു.ഹരിക്കുട്ടന് മൊത്തം 13,000 താറാവുകളാണ് ഉണ്ടായിരുന്നത്.ഇതിൽ 2000 ത്തിൽ കൂടുതൽ ചത്തിട്ടുണ്ട്. 4മാസം പ്രായമായ താറാവുകളെ ക്രിസ്മസിന് വിൽക്കാനിരുന്നതാണ്. ഹരിക്കുട്ടന് 15 ലക്ഷവും അജിമോന് 6 ലക്ഷം രൂപയും നഷ്ടമായതായാണ് പറയുന്നത്.