ഭണ്ഡാരത്തിലെ പണം കൈയുറക്കുള്ളിലൊളിപ്പിച്ച് മോഷണം, സന്നിധാനത്ത് താൽക്കാലിക ജീവനക്കാരൻ പിടിയിൽ
Tuesday 23 December 2025 10:20 PM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം ഭണ്ഡാരത്തിൽ നിന്നും മോഷണം നടത്തിയ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ സ്വദേശി കെ ആർ രതീഷ് (43) ആണ് അറസ്റ്റിലായത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കിഴി കെട്ടഴിക്കുന്ന താൽക്കാലിക ജീവനക്കാരനാണ് ഇയാൾ. ദേവസ്വം ഭണ്ഡാരത്തിൽ നിന്നാണ് ഇയാൾ പണം മോഷ്‌ടിച്ചത്.
ഡ്യൂട്ടിക്ക് ശേഷം പുറത്തേക്ക് പോകവെ പതിവ് പരിശോധന നടത്തുമ്പോഴാണ് കൈയുറയിൽ നിന്നും 3000 രൂപയുടെ പൊതി കണ്ടെത്തിയത്. കൈയുറയ്‌ക്കകത്ത് വെള്ള തുണിയിൽ ഒളിപ്പിച്ച നിലയിൽ ആണ് പണമടങ്ങിയ പൊതി കണ്ടത്. ഇയാളുടെ ബാഗിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 20130 രൂപയും ലഭിച്ചു.