ഈ വർഷം നടപ്പാക്കാനിരുന്ന പ്രഖ്യാപനം; കണ്ണൂരിൽ നിന്ന് പറന്നുയർന്നില്ല എയർ കേരള

Tuesday 23 December 2025 10:25 PM IST

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും എയർ കേരള പറന്നുയരാൻ ഇനിയും കാത്തിരിക്കേണ്ടിവരും.കേരളത്തിലെ ആദ്യകാല സ്വകാര്യ വിമാനകമ്പനിയായി എയർ കേരള 2025ൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു സംരംഭകരുടെ പ്രഖ്യാപനം. എന്നാൽ വർഷം അവസാനിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നിരിക്കെ പ്രഖ്യാപനം നടപ്പാകാനുള്ള സാദ്ധ്യത തുലോം വിരളമാണ്.

പ്രവാസികളടക്കം ചേർന്ന് രൂപീകരിച്ച എയർ കേരള വിമാനകമ്പനി കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞവർഷം ഡിസംബറിൽ കണ്ണൂർ വിമാനത്താവളത്തിൽ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എയർ കേരള സി.ഇ.ഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറുമാണ് അന്ന് എയർകേരള സർവീസ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ഇതിന് പുറമെ മലബാർ ചേമ്പർ കോമേഴ്സിന്റെ നേതൃത്വത്തിൽ സ്പിരിറ്റ് എയറിന്റെ സ്ഥാപകൻ സുബോദ് വർമയുമായി ചർച്ച നടത്തി കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള നീക്കവും നടത്തിയിരുന്നു. കഴിഞ്ഞ ജൂലായ് മുതൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, മൈസൂർ ,നെയ് വേലി കോയമ്പത്തൂർ ആർക്കോണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കാനായിരുന്നു ഈ നീക്കം. ഇതിന് പുറമെ പെട്ടെന്ന് കേടാവുന്ന ചരക്കുകൾ ഇന്ത്യയിൽ എവിടെയും പെട്ടെന്ന് എത്തിക്കുന്നതിനുള്ള കാർഗോ വിമാന സർവീസുകൾ ആരംഭിക്കാനും ചർച്ചയിൽ തീരുമാനിച്ചതാണ്.

തുടക്കം സമീപ വിമാനത്താവളങ്ങളിലേക്ക്

തുടക്കത്തിൽ കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് സർവീസ് തുടങ്ങാനായിരുന്നു തീരുമാനം. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാനായിരുന്നു ആലോചന. ആദ്യഘട്ടത്തിൽ എ.ടി.ആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ അയൽ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളും ആരംഭിക്കുന്നതുമായിരുന്നു പദ്ധതി.

ഫ്രാങ്കോ-ഇറ്റാലിയൻ വിമാന നിർമാതാക്കളായ എ.ടി.ആറിൽ നിന്ന് മൂന്ന് ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിമാനങ്ങൾ വാങ്ങാൻ എയർ കേരള കരാറിലെത്തിയിരുന്നു. 2026ൽ യു.എ.ഇയിൽ നിന്ന് വിദേശ സർവീസ് ആരംഭിക്കാനും കമ്പനി ലക്ഷ്യമിട്ടിരുന്നു. ഇതിന് മുന്നോടിയായി നാരോ ബോഡി എയർക്രാഫ്റ്റുകൾ സ്വന്തമാക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു.