ആറളം ഫാമിൽ നിന്ന് ആനകളെ തുരത്തൽ അതീവദുഷ്കരം കഠിന ഭൂപ്രകൃതിയും ആനകളുടെ അക്രമസ്വഭാവവും വെല്ലുവിളി

Tuesday 23 December 2025 10:31 PM IST

ഇരിട്ടി: ആറളം ഫാം മേഖലയിൽ ആനകളെ തുരത്തുന്ന ദൗത്യം അതീവദുഷ്കരമാകുന്നു. സ്വാഭാവിക വനത്തിന്റെ സവിശേഷതകളെല്ലാമുള്ള ഫാമിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള 25 അംഗ ദൗത്യസംഘവും ആറളം ഫാമിംഗ് കോർപ്പറേഷനിലെ 10 സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 35 പേർ അടങ്ങുന്ന സംഘമാണ് ഇന്നലെ ദൗത്യത്തിനിറങ്ങിയത്.സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാനും ഗതാഗതം നിയന്ത്രിക്കാനുമായി ആറളം പൊലീസും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഭൂപ്രകൃതിയുടെ കാഠിന്യവും ആനകളുടെ അപ്രതീക്ഷിത നീക്കങ്ങളും ദൗത്യസംഘത്തിന്റെ കഠിനാധ്വാനം വിഫലമാക്കുകയായിരുന്നു.

ബ്ലോക്ക് ഒന്ന് പൂ ഡാമിനു സമീപം തമ്പടിച്ച കൊമ്പനാനയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ നീക്കം. വന്യജീവി സങ്കേതത്തിലേക്ക് ആനകളെ തിരിച്ചയക്കാൻ കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായ ഡ്രൈവിംഗ് ഓപ്പറേഷനുകൾ പതിലാണെങ്കിലും ഇന്നലത്തെ ദൗത്യം അങ്ങേയറ്റം ശ്രമകരമായിരുന്നു. കൊമ്പനാനയെ രണ്ടാം ബ്ലോക്ക് കുളം വഴി ആനെച്ചുട്ടകരി, സ്പിങ്കറോസ്, പൊട്ടിയ മല, ഏലക്കാട് വഴി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നിരന്നപാറ ഭാഗത്തേക്ക് എത്തിച്ചു. എന്നാൽ ഇവിടെനിന്നും വഴിതിരിഞ്ഞ കൊമ്പൻ കെ.വി.കെ വഴി ബ്ലോക്ക് അഞ്ചിലേക്ക് മറഞ്ഞതോടെ ആദ്യഘട്ടം താൽക്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു.

ഉച്ചഭക്ഷണത്തിന് ശേഷം പുനരധിവാസ മേഖലയായ ബ്ലോക്ക് പതിമൂന്ന് കേന്ദ്രീകരിച്ചായിരുന്നു അടുത്ത നീക്കം. അവിടെ തമ്പടിച്ച കൊമ്പനെ ഏറെ നേരത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ പുതുതായി നിർമ്മിച്ച തൂക്കുവേലിക്കടുത്ത് എത്തിച്ചെങ്കിലും വേലി കടക്കാൻ കൂട്ടാക്കാതെ ആന തിരിഞ്ഞ് 47-ാം കുന്ന് ഭാഗത്തേക്ക് പോയി. കയറ്റങ്ങളും കാടുപിടിച്ച നിലങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ആനയെ പിന്തുടരുന്നത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായി. വെളിച്ചക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം കൂടുതൽ അപകടസാദ്ധ്യത കണ്ട് വൈകുന്നേരത്തോടെ ദൗത്യം താൽക്കാലികമായി നിർത്തുകയായിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ ആസൂത്രണത്തോടെ ദൗത്യം തുടരാനാണ് തീരുമാനം.