വർണ്ണം വിതറി പ്ളാസ്റ്റിക് കുപ്പികൾകൊണ്ടൊരു ക്രിസ്മസ് ട്രീ
ഇടുക്കി: മാലിന്യത്തിൽ നിന്നും കലാസൃഷ്ടി (വേസ്റ്റ് റ്റു ആർട്ട് ) എന്ന ക്യാമ്പയിന്റെ ഭാഗമായി പ്ളാസ്റ്റിക് കുപ്പികൾകൊണ്ട് ക്രിസ്മസ്ട്രീ ഒരുക്കി. ഇടുക്കി സെന്റ്‌ജോർജ്ജ് പള്ളിയുടെ കുരിശുപള്ളിക്ക് സമീപം ജില്ലാ ശുചിത്വമിഷൻ കാര്യാലയത്തിന് മുൻപിലായാണ് 'റീബോൺ' ക്രിസ്മസ് ട്രീ ഒരുക്കിയത്. അലക്ഷ്യമായി വലിച്ചെയറിയപ്പെട്ടതും ഹരിത കർമ്മസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുംശേഖരിച്ചതുമായ പച്ചനിറത്തിലുള്ള സ്‌പ്രൈറ്റ്, സെവൻ അപ്, തംപ്സ് അപ് കുപ്പികൾ ആണ് നാലുമീറ്റർ ഉയരമുള്ള കുപ്പി മര നിർമ്മാണത്തിനായി കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് വെള്ളത്തൂവൽ, ഇരട്ടയാർ പഞ്ചായത്തുകളിലെ എം .സി എഫുകളിൽ നിന്നും ഹരിത കർമ്മസേനശേഖരിച്ചു സംഭരിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികൾ ജില്ലാ ശുചിത്വ മിഷൻ ഏറ്റെടുത്താണ് കുപ്പിമരം നിർമ്മിച്ചത്. ആറായിരത്തിൽ അധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഇലയുടെ ആകൃതിയിൽ മുറിച്ചെടുത്താണ് കുപ്പി മരത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. ട്രീയുടെ ഫ്രെയിം നിർമ്മാണത്തിനായി സമീപ പ്രദേശങ്ങളിലെ ആക്രി കടകളിൽ നിന്നും പഴയ ഇരുമ്പു കമ്പികളും മറ്റുംശേഖരിച്ചു അവ ഉപയോഗിച്ചു. പ്ലാസ്റ്റിക്ക് കുപ്പികളുടെ ചുവടു ഭാഗം മുറിച്ചെടുത്ത് അവ ഉപയോഗിച്ചു നിർമ്മിച്ച സാന്ത ക്‌ളോസിന്റെ വടിയാണ് കുപ്പിമരത്തിന്റെ മറ്റൊരു ആകർഷണം. കുപ്പി മരത്തിനുളളിൽ തറയിൽ നിറയെ ഉണങ്ങിയ പുല്ല് വിരിച്ചിട്ടുണ്ട്. ഉൾഭാഗത്തു തയ്യാറാക്കിയിരിക്കുന്ന പുൽക്കൂടിനു സമീപം നിന്ന് നാട്ടുകാർക്ക്‌ഫോട്ടോ എടുക്കാനുള്ള സ്ഥല സൗകര്യവും ഒരുക്കിയിട്ടുണ്ട് . കുപ്പിയുടെ അടപ്പുകൾ, ചുവട് എന്നിവ കൊണ്ട് തയ്യാറാക്കി നിറം പകർന്ന അലങ്കാരബോളുകളും കുപ്പിമരത്തിനു പകിട്ട് ഏകുന്നു. ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, റിസോഴ്സ്‌പേഴ്സൺമാർ , യങ് പ്രൊഫെഷനലുകൾ ,എന്നിവർചേർന്ന് ആർട്ടിസ്റ്റായ ശ്രീ ജയകൃഷ്ണന്റെ സഹായത്തോടെ ആറു ദിവസത്തെ പരിശ്രമത്തിലൂടെയാണ് കുപ്പിമരം പൂർത്തീകരിച്ചത്. കവാടത്തിനിരുവശവും സ്ഥാപിച്ചിരിക്കുന്ന സാന്ത ക്‌ളോസിന്റെ വടികൾക്കു ചുവട്ടിലായി അഞ്ചു ലിറ്റർ വാട്ടർബോട്ടിലുകൾ കൊണ്ട് തയാറാക്കിയ സമ്മാന പൊതികളും വച്ച് അലങ്കരിച്ചിട്ടുണ്ട്. നക്ഷത്രം നിർമ്മിച്ചിരിക്കുന്നത് ഈറ്റ , തയ്യൽക്കാരിൽ നിന്നുംശേഖരിച്ച തുണിക്കഷ്ണങ്ങൾ , കുപ്പിയുടെ ചുവടു ഭാഗം എന്നിവ ഉപയോഗിച്ചാണ് . പുൽക്കൂടിനുളിലെ ക്രിബ് സെറ്റും നിറം മങ്ങി കാലപ്പഴക്കം കൊണ്ട് ഉപേക്ഷിച്ചവയെ പുനരുപയോഗിച്ചതാണ് . ക്രിസ്തുമസ് പുതുവത്സര ആശംസകളിലുമുണ്ട് പുതുമ . മുൻപ് ജില്ലാ ശുചിത്വ മിഷൻ ചെറുതോണിയിൽ നടന്ന സർക്കാരിന്റെ നാലാം വാർഷിക എക്സിബിഷന്‌വേണ്ടി ഉപയോഗിച്ച തഴപ്പായിൽ തയ്യാറാക്കിയ ബോർഡിൽ കുപ്പിയുടെ അടപ്പുകൾ ഉപയോഗിച്ചാണ് ആശംസകൾ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിൽ മുഴുവനായും പുനരുപയോഗത്തിന്റെനേർസാക്ഷ്യമാകുന്നു. ഇടുക്കി സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ. സിജോമേക്കുന്നേൽ 'റീബോൺ' ക്രിസ്മസ് ട്രീ പൊതുജനങ്ങൾക്ക് സമർപ്പിച്ചു. വാർഡ് മെമ്പർ എസ്. ശ്രീലാൽ ആശംസകളറിയിച്ചു.