ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സുരക്ഷാ വലയത്തിൽ

Wednesday 24 December 2025 12:00 AM IST

തൃശൂർ: 24 മണിക്കൂർ പട്രോളിംഗ്, സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ,ഡ്രോൺ നിരീക്ഷണം,ഗതാഗത നിയന്ത്രണങ്ങൾ. ക്രിസ്മസ് -പുതുവത്സര ആഘോഷത്തിന് പഴുതടച്ച സുരക്ഷ ഒരുക്കി റൂറൽ പൊലീസ്. ക്രിസ്മസ്-പുതുവത്സര ദിനങ്ങളിൽ ആരാധനാലയങ്ങൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, വിനോദ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കും. അവധി ദിവസങ്ങളായതിനാൽ ഗതാഗത തിരക്കും കൂടുമെന്നതിനാൽ ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കും. സുരക്ഷാ വിന്യാസത്തിനായി ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളും രണ്ട് സെക്ടറുകളായി വിഭജിക്കും. ഫുട് പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, മൊബൈൽ പട്രോളിംഗ് യൂണിറ്റുകൾ എന്നിവയുടെ സഹായത്തോടെ 24 മണിക്കൂറും പട്രോളിംഗ് നടക്കും. ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സമഗ്ര സുരക്ഷാ നടപ്പാക്കുന്നത്. അഡീഷണൽ എസ്.പി. ടി.എസ്.സിനോജ് , ഡി.വൈ.എസ്.പി.മാരായ പി.ആർ ബിജോയ് , പി.സി. ബിജുകുമാർ, വി.കെ രാജു എന്നിവർ മേൽനോട്ടം വഹിക്കും.

24 മണിക്കൂർ പട്രോളിംഗ്

ഓരോ സ്റ്റേഷൻ പരിധിയും രണ്ട് സെക്ടറുകളായി തിരിച്ച് കാൽനട പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, മൊബൈൽ യൂണിറ്റുകൾ എന്നിവയുടെ സഹായത്തോടെ 24 മണിക്കൂറും നിരീക്ഷിക്കും. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ സബ് ഡിവിഷനുകളിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെ വിന്യസിച്ച് അടിയന്തിര സാഹചര്യങ്ങളിൽ അതിവേഗ ഇടപെടൽ ഉറപ്പാക്കും.

വാഹന പരിശോധന

മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, ഗതാഗത നിയമലംഘനങ്ങൾ, അനുവദനീയതയ്ക്കുമപ്പുറം യാത്രക്കാരെ കയറ്റൽ, ഹെൽമറ്റ്/സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കും.

നിയന്ത്രണങ്ങൾ, നടപടികൾ

@ വിവിധ കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം. @മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണം @കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാൻ പിങ്ക് പൊലീസ് സേവനം @ ലഹരി വിൽപ്പന, ഉപയോഗം, കടത്ത് എന്നിവ തടയാൻ ഡാൻസാഫ് മഫ്തിയിൽ റെയ്ഡുകളും നിരീക്ഷണവും

വിളിക്കാം:

ടോൾ ഫ്രീ നമ്പറുകൾ 112 , 1090 (ക്രൈം സ്റ്റോപ്പർ) 9497941736 (പെറ്റീഷൻ സെൽ), 04802224000 ( റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ്)

സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സമാധാനപരവും സുരക്ഷിതവുമായ ആഘോഷങ്ങൾ ഉറപ്പാക്കുന്നതിനായി ജനങ്ങളുടെ സഹകരണം നൽകണം.

ബി. കൃഷ്ണകുമാർ, ജില്ലാ പൊലീസ് മേധാവി