ജനാധിപത്യത്തിന് കരുത്തായി വരണാധികാരികളായ ദമ്പതികൾ
മാന്നാർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തിരശീല വീഴുമ്പോൾ കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് പ്രകിയകൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വരണാധികാരികളായ ദമ്പതികൾ. ആലപ്പുഴ ജില്ലയിലെ ജി-59 മാന്നാർ ഗ്രാമപഞ്ചായത്ത് വരണാധികാരി ജെ.ജോയിമോൻ, പത്തനംതിട്ട ജില്ലയിലെ ജി-14 ഇരവിപേരൂർ പഞ്ചായത്ത് വരണാധികാരി ഷീബാ സെബാസ്റ്റ്യൻ എന്നിവരാണ് ജനാധിപത്യ പ്രക്രിയകൾക്ക് കരുത്ത് പകർന്ന ദമ്പതികൾ.
സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരായ കൊല്ലം തങ്കശ്ശേരി ബിഷപ് പാലസ് നമ്പർ 56, ആൻ വില്ലയിൽ ജോയിമോൻ- ഷീബാ സെബാസ്റ്റ്യൻ ദമ്പതികൾ ആദ്യമായാണ് വരണാധികാരികളായി ജോലി ചെയ്യുന്നത്. 18 വർഷമായി ഔദ്യോഗിക ജീവിതം തുടരുന്ന ജെ.ജോയിമോൻ ചെങ്ങന്നൂർ സഹകരണ ഓഡിറ്റ് അസി.ഡയറക്ടറും 16 വർഷമായി ഔദ്യോഗിക രംഗത്തുള്ള ഷീബാ സെബാസ്റ്റ്യൻ തിരുവല്ല സഹകരണ ഓഡിറ്റ് അസി.ഡയറക്ടറുമാണ്. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും ആത്മാർത്ഥമായ സഹകരണത്താൽ പരാതിക്കിട നൽകാതെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. 27ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടി പൂർത്തിയാകുമ്പോൾ രണ്ടുമാസമായി വിശ്രമില്ലാതെ നടത്തിവന്ന സേവനപ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ഇരുവരും സഹകരണ വകുപ്പിലെ പഴയ കസേരകളിലേക്ക് മടങ്ങും. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥി എബിൻ ജോയിമോൻ, തങ്കശ്ശേരി മൗണ്ട് കാർമ്മൽ ആംഗ്ലോ ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ആൻ മേരി ജോയിമോൻ എന്നിവരാണ് മക്കൾ.