വയോധികയെ കെട്ടിയിട്ട് മോഷണം: കൊച്ചുമകനടക്കം രണ്ട് പ്രതികൾ പിടിയിൽ
രാജാക്കാട്: രാജകുമാരിക്ക് സമീപം നടുമറ്റത്ത് 80 വയസുള്ള വയോധികയെ കെട്ടിയിട്ട് പട്ടാപ്പകൽ കവർച്ച നടത്തിയ സംഭവത്തിൽ കൊച്ചുമകനടക്കം രണ്ട് പേരെ രാജാക്കാട് പൊലീസ് പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി കൊല്ലപ്പിള്ളിൽ സൈബു തങ്കച്ചൻ (33), സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനില ജോസ് (31)എന്നിവരാണ് പിടിയിലായത്. സൈബു ആക്രമണത്തിനിരയായ വയോധികയുടെ മകളുടെ മകനാണ്. നേരത്തെ പ്രതികളിൽ ഒരാളായ സരോജ എന്ന സ്ത്രീയെ കോട്ടയം മണർകാട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ച് പൊലീസ് അന്വഷണം നടത്തിവരുന്നതിനിടെയാണ് രണ്ട് പേരും കൂടി പിടിയിലാകുന്നത്. ഇതിന് മുമ്പ് കഞ്ചാവ് കേസുകളിൽ പ്രതിയായി ജയിലിൽ പോയിട്ടുള്ളയാളാണ് സൈബു. ജയിലിൽ വച്ച് പരിചയപ്പെട്ട മോഷണക്കേസ് പ്രതി അൽത്താഫുമായി ചേർന്നാണ് തന്റെ മാതാവിന്റെ അമ്മയുടെ വീട്ടിൽ കൊള്ളയടിക്കുന്നതിന് ഇയാൾ പദ്ധതി തയ്യാറാക്കിയത്. ലക്ഷക്കണക്കിന് രൂപയും 50 പവനോളം സ്വർണ്ണവും തന്റെ അമ്മൂമ്മയുടെ വീട്ടിലുണ്ടെന്ന് സൈബുവിന് അറിയാമായിരുന്നു. ഇതെല്ലാം കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 16ന് സംഘം നടുമറ്റത്തെ മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ മറിയക്കുട്ടിയെ കെട്ടിയിട്ട് വിരലിലുണ്ടായിരുന്ന മോതിരങ്ങളും മേശയിലുണ്ടായിരുന്ന 3000 രൂപയും മാത്രമാണ് പ്രതികൾക്ക് കവർന്നെടുക്കാൻ കഴിഞ്ഞത്. അലമാര തുറക്കാൻ കഴിയാതിരുന്നതിനാൽ കൂടുതൽ പണവും സ്വർണ്ണവും മോഷ്ടിക്കാൻ ഇവർക്കായില്ല. തുടർന്ന് രാജാക്കാട് എസ്.എച്ച്.ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അന്വഷണ വിദദ്ധനായ എസ്.ഐ സജി എൻ. പോളിന്റെ ചുമതലയിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വഷണം നടത്തിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.