പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Wednesday 24 December 2025 3:50 AM IST

കുളത്തൂർ: കൊറിയർ ഡെലിവറിക്കിടെ പരിചയപ്പെട്ട വീട്ടമ്മ പ്രണയാഭ്യർത്ഥന നിരസിച്ചതിന് അവരുടെ താമസസ്ഥലത്തെത്തി ആക്രമിച്ച പ്രതിയെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു. മണക്കാട് എം.എസ്.കെ. നഗർ ടി.സി. 41/1423ൽ അക്ഷയ്ജിത്ത് (26) ആണ് അറസ്റ്റിലായത്. കൊറിയർ സർവീസിനിടെ രണ്ട് വർഷം മുമ്പാണ് പ്രതി വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടക്കം മുതലെ പ്രണയാഭ്യർത്ഥന ഇവ‌ർ നിരസിച്ചിരുന്നു. എന്നിട്ടും നിരന്തരം ഫോൺ ചെയ്യുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. പ്രണയാഭ്യർത്ഥന നിരസിച്ചാൽ കൊന്നുകളയുമെന്ന് ഫോണിലൂടെ ഇയാൾ മെസേജും അയച്ചിരുന്നു. ഇന്നലെ പള്ളിത്തുറ വി.എസ്.എസ്.സി ക്വാർട്ടേഴ്സിന് മുന്നിൽ ഇളയകുഞ്ഞുമായി നിന്ന യുവതിയെ പ്രതി ദേഹോപദ്രവം ചെയ്യുകയും കഴുത്തിൽ കുത്തിപ്പിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വീട്ടമ്മ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്.