പോക്സോ കേസിൽ കഠിനടവും 30000 രൂപ പിഴയും

Wednesday 24 December 2025 12:14 AM IST

കാട്ടാക്കട: കെ.എസ്.ആർ.ടി.സി.ബസിൽ വച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയ്ക്ക് ആറു വർഷം കഠിനതടവും 30,000 രൂപ പിഴയും. നൂലിയോട് ശ്രീലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാവുംപുറം കൊല്ലം പെരുവിൽകോണം സ്നേഹാലയം വീട്ടിൽ ബിജു(വിജു)​​വിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതകൾക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു മാസം അധികം കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2023 നവംബറിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരവെ കെ.എസ്.ആർ.ടി.സി ബസിൽ രണ്ട് പെൺകുട്ടികൾക്കുനേരെ പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടികൾ പലതവണ എതിർത്തെങ്കിലും പ്രതി ആക്രമണം തുടർന്നു. കുട്ടികൾ കരഞ്ഞു ബഹളം വച്ചപ്പോൾ ബസ് വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയും കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പ്രമോദ് കോടതിയിൽ ഹാജരായി. വിളപ്പിൽശാല എസ്.എച്ച്.ഒ ആയിരുന്ന എൻ.സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.