ആർ.പി.എഫ് - പൊലീസ് സംയുക്ത പരിശോധനയിൽ കഞ്ചാവ് പിടികൂടി
കൊച്ചി: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ആക്രിസാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ച കഞ്ചാവ് ആർ.പി.എഫിന്റെ ഡോഗ് സ്ക്വാഡിലെ നായ മണത്ത് പിടിച്ചു. ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 6.917 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലേക്ക് ട്രെയിൻ മാർഗം ലഹരിക്കടത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കഴിഞ്ഞദിവസങ്ങളിൽ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും നിരീക്ഷണം ശക്തമാണ്. ഇതിന്റെ ഭാഗമായിരുന്നു സംയുക്ത പരിശോധന. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തെ നടപ്പാലത്തിന് താഴെ ഇരുമ്പ് ആക്രികൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് കഞ്ചാവ് നിറച്ച കറുത്ത ബാഗ് ഒളിപ്പിച്ചിരുന്നതെന്ന് റെയിൽവേ പ്രിൻസിപ്പൽ എസ്.ഐ നിസാറുദ്ദീൻ പറഞ്ഞു.
ആക്രി സാധനങ്ങൾ കിടക്കുന്നതിനാൽ പൊലീസ് സംഘം ഈ ഭാഗം ശ്രദ്ധിച്ചില്ലെങ്കിലും ആർ.പി.എഫിന്റെ സ്നിഫർ ഡോഗ് റോക്കി ഇവിടെയെത്തിയപ്പോൾ ഉറക്കെ കുരച്ചു തുടങ്ങി. തുടർന്ന് റെയിൽവേ പൊലീസും ആർ.പി.എഫും മെറ്റൽ ഡിറ്റേക്ടറ്റർ ഉപയോഗിച്ച് സ്പോടക വസ്തുവല്ലെന്ന് ഉറപ്പാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് രണ്ട് ബ്രൗൺ കവറുകളിലായി ബാഗിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.
സൗത്ത് സ്റ്റേഷൻ വഴി കടന്നുപോയ ട്രെയിനിലെത്തിയ അന്യ സംസ്ഥാനക്കാരാണ് കഞ്ചാവ് കടത്തിയതെന്ന് സംശയിക്കുന്നു. പൊലീസ് പരിശോധന കണ്ട് ഇവിടെ ഒളിപ്പിച്ച് കടക്കുകയായിരുന്നു. എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു.